renukaswamy murder case
നടൻ ദർശൻ, നടി പവിത്ര ​ഗൗഡ ഇൻസ്റ്റ​ഗ്രാം

രേണുകസ്വാമി നേരിട്ടത് ക്രൂരമായ പീഡനം; വൈദ്യുതാഘാതമേല്‍പ്പിച്ചിരുന്നുവെന്ന് കുറ്റസമ്മത മൊഴി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഷോക്ക് നല്‍കാന്‍ ഉപയോഗിച്ച ഉപകരണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിക്ക് ഇതെവിടെ നിന്ന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല
Published on

ബംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ രണ്ടാം പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് നടനും ഒമ്പതാം നമ്പര്‍ പ്രതിയുമായ ധന്‍രാജ് രേണുകസ്വാമിയെ ഇലക്ട്രിക് ഷോക്ക് നല്‍കിയെന്ന് മൊഴി നല്‍കിയതായാണ് വിവരം. ഇയാള്‍ കുറ്റ സമ്മത മൊഴി നല്‍കിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

renukaswamy murder case
നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു; ടെലഗ്രാമിലും ഡാര്‍ക് വെബിലും

ഷോക്ക് നല്‍കാന്‍ ഉപയോഗിച്ച ഉപകരണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിക്ക് ഇതെവിടെ നിന്ന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. ഇത് കണ്ടെത്തുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. തനിക്കെതിരായ പ്രതികൂല നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തുകയും തെളിവ് നശിപ്പിക്കാനും മൂടിവെക്കാനുമായി രണ്ടാം പ്രതിയായ ദര്‍ശന്‍ സുഹൃത്തിന്‍റെ പക്കല്‍നിന്ന് 40 ലക്ഷം രൂപ വാങ്ങി സൂക്ഷിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദര്‍ശനെയും മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലും സുഹൃത്ത് പവിത്ര ഗൗഡയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും ആവശ്യപ്പെട്ട് 24-ാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (എസിഎംഎം) കോടതിയില്‍ വ്യാഴാഴ്ചയാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദര്‍ശനും ഗൗഡയും ഉള്‍പ്പെടെ 17 പേരാണ് കൊലക്കേസില്‍ പ്രതികള്‍.

നടന്റെ ആരാധകനായ രേണുകസ്വാമി ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതാണ് ദര്‍ശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു. ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്മെന്റിന് സമീപമുള്ള വെള്ളച്ചാട്ടത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 47 കാരനായ നടന്‍ ദര്‍ശനും മറ്റ് പ്രതികളായ ധനരാജ് ഡി, വിനയ് വി, പ്രദോഷ് എന്നിവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

നാല് പേരുടെയും പൊലീസ് കസ്റ്റഡി ജൂണ്‍ 22 വരെ രണ്ട് ദിവസം കൂടി നീട്ടി. മറ്റുള്ളവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഒന്നാം പ്രതിയായ പവിത്ര ഗൗഡയാണ് രേണുകസ്വാമിയുടെ കൊലപാതകത്തിന് മുഖ്യകാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദര്‍ശന്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റകൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉന്നത തലങ്ങളിലുള്ള ചിലര്‍ അന്വേഷണത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചുവെന്ന ആരോപണം പൊലീസ് തള്ളിക്കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മറ്റൊരു പ്രതിയായ പ്രദോഷ് തെളിവ് നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദോഷ് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണും കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ ദിവസമാണ് സോമനഹള്ളി സ്വദേശി രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. രേണുകസ്വാമിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷമാണ് കണ്ടെത്തുന്നത്.

ദര്‍ശന്റെ കടുത്ത ആരാധകന്‍ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണ്‍ 8നാണ് ഒരു ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com