

മുംബൈ: മറാത്താ സംവരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായതിനെത്തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച് ശിവസേന നേതാവ് മനോജ് ജരംഗെ പാട്ടീല്‍. സര്‍ക്കാര്‍ പ്രതിനിധി സംഘവും പാട്ടീലുമായി ഇന്നലെ അര്‍ദ്ധരാത്രിയോടെ നടത്തിയ വിശദമായ ചര്‍ച്ചകള്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ വെള്ളിയാഴ്ചയായിരുന്നു പാട്ടീല്‍ സമരം തുടങ്ങിയത്. എല്ലാ മറാത്തക്കാരും ഒബിസി വിഭാഗത്തിലുള്‍പ്പെട്ടവരാണെന്ന് തെളിയിക്കുന്ന കുന്‍ബി സര്‍ട്ടിഫിക്കറ്റ്, കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തരബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, സര്‍ക്കാന്‍ ജോലി റിക്രൂട്ട്‌മെന്റില്‍ മറാത്തക്കാര്‍ക്ക് സംവരണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു പാട്ടീല്‍ മുന്നോട്ടുവെച്ചത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുംബൈയിലെ ആസാദ് മൈതാനിലേക്ക് വന്‍ സമരം നടത്തുമെന്നും പാട്ടീല്‍ ഭീഷണിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് എന്താണ് ചെയ്യാനാവുന്നത് കാണിച്ചുതരാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. സമരം അവസാനിപ്പിച്ച പാട്ടീലിനെ കാണാനായി മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരിട്ടെത്തി. ശേഷം ഇരുവരും ചേര്‍ന്ന് നേവി മുംബൈയിലെ ഛത്രപതി ശിവജി മാഹാരാജിന്റെ പ്രതിമയില്‍ മാലയണിയിച്ചു.
ആറ് മാസം നീണ്ട പ്രക്ഷോഭത്തിനിടെ സമുദായാംഗങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ പൊലീസ് കേസുകളും പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മറാത്ത നേതാക്കള്‍ പറഞ്ഞു. നവി മുംബൈയില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിന് മറാത്തികള്‍ സമരം അവസാനിപ്പിച്ചത് ഡ്രംസ് വായിച്ചും നൃത്തം വായിച്ചും പരസ്പരം കെട്ടിപ്പിടിച്ചും സന്തോഷം പങ്കുവെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആളുകള്‍ വിജയറാലിക്ക് ശേഷം തിരികെ പോകും.
മഹാരാഷ്ട്രയിലെ പ്രബലസമുദായമായ മറാത്താവിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന 16 ശതമാനം സംവരണം 2021 മെയ് അഞ്ചിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates