ന്യൂഡല്ഹി: മോഹന് ഭാഗവത് അടക്കം മുതിര്ന്ന അഞ്ച് ആര്എസ്എസ് നേതാക്കളുടെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റര്. കേന്ദ്ര സര്ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മുറുകന്നതിനിടെയാണ് ആര്എസ്എസ് തലവന് കൂടിയായ മോഹന് ഭാഗവത് അടക്കമുള്ളവരുടെ വെരിഫിക്കേഷന് ടിക്ക് ട്വിറ്റര് ഒഴിവാക്കിയിരിക്കുന്നത്.
മോഹന് ഭാഗവതിനെ കൂടാതെ ആര്എസ്എസ് ജോയിന്റ് ജനറല് സെക്രട്ടറി കൃഷ്ണ ഗോപാല്, അരുണ് കുമാര്, മുന് ജനറല് സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹന് ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇന്ന് രാവിലെ മുതലാണ് ഇവരുടെ അക്കൗണ്ടില് നിന്ന് ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്.
നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞിരുന്നെങ്കിലും മണിക്കൂറുകള്ക്ക് ശേഷം അത് പുനഃസ്ഥാപിച്ചു. ആറ് മാസത്തിനിടെ അക്കൗണ്ടില് സജീവമാകാത്തതിനെ തുടര്ന്നാണ് ബ്ലൂ ടിക്ക് പിന്വലിച്ചതെന്നായിരുന്നു വിശദീകരണം.
ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന് വേണ്ടിയാണ് ട്വിറ്റര് ബ്ലൂ ടിക്ക് സംവിധാനം ഏര്പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്ക്ക് മാത്രമാണ് ഇത്തരത്തില് ബ്ലൂ ടിക്ക് നല്കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
സര്ക്കാര് കമ്പനികള്, ബ്രാന്ഡുകള്, ലാഭരഹിത സംഘടനകള്, വാര്ത്താ മാധ്യമങ്ങള്, മാധ്യമപ്രവര്ത്തകര്, സിനിമ, കായിക താരങ്ങള്, പരിസ്ഥിതി പ്രവര്ത്തകര്, ആക്ടിവിസ്റ്റുകള്, മറ്റു ശ്രദ്ധേയ വ്യക്തിത്വങ്ങള് തുടങ്ങിയവരുടെ അക്കൗണ്ടുകള്ക്കാണ് ട്വിറ്റര് വെരിഫിക്കേഷന് നടപടികളിലൂടെ ബ്ലൂ ടിക്ക് നല്കി വരുന്നത്. അക്കൗണ്ടുകള് നിഷ്ക്രിയവും അപൂര്ണ്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള് ഒഴിയുകയോ ചെയ്യുമ്പോള് ഇത്തരത്തില് ബ്ലൂ ടിക്ക് നഷ്ടപ്പെടാം.
കോണ്ഗ്രസ് ടൂള് കിറ്റ് ആരോപണത്തില് ബിജെപി നേതാക്കളുടെ ട്വീറ്റില് കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതല് കേന്ദ്ര സര്ക്കാരും ട്വിറ്ററും തമ്മില് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. അതിനിടെ കേന്ദ്ര സര്ക്കാരിന്റെ പുതിയ ഡിജിറ്റല് നിയമം സംബന്ധിച്ച് ട്വിറ്ററിന് ഇന്ന് കേന്ദ്രം അന്തിമ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates