സോണിയയുടെ ആത്മകഥയില്‍ പെന്‍ഗ്വിന്‍ നിര്‍ദേശിച്ചത് മൂന്ന് 'വെട്ടുകള്‍'; പ്രസാധകര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദമെന്ന് കോണ്‍ഗ്രസ്

ഇത് നീക്കണമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സോണിയ ഗാന്ധി തയ്യാർ ആയില്ലെന്നും പ്രസാധകര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദമുണ്ടായെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
3 Major Flashpoints In Sonia Gandhi Memoir Publishing Controversy
സോണിയയുടെ ആത്മകഥയില്‍ പെന്‍ഗ്വിന്‍ നിര്‍ദേശിച്ചത് മൂന്ന് 'വെട്ടുകള്‍'
Edited By:
Updated on
2 min read

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്‍മാറിയതിന് പിന്നില്‍ മൂന്ന് ഭാഗങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളെന്ന് കോണ്‍ഗ്രസ്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും, ഇന്ത്യയുടെ സാമൂഹിക ചരിത്രത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്നിവയാണ് ഇവ. ഇത് നീക്കണമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സോണിയ ഗാന്ധി തയ്യാർ ആയില്ലെന്നും പ്രസാധകര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദമുണ്ടായെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

സോണിയയുടെ ആത്മകഥ നവംബര്‍ പത്തിന് പുറത്തിറക്കുമെന്ന് പ്രസാധാകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആയിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുകയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കുന്ന ഘട്ടത്തില്‍ പ്രധാനമായും ഈ മൂന്ന് വിഷയങ്ങളിലാണ് പ്രസാധകര്‍ ചര്‍ച്ച നടത്തിയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും അതിര്‍ത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ- ചൈന നിയന്ത്രണ രേഖയിലെ യഥാര്‍ഥ സാഹചര്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യം വെളിപ്പെടുത്തണമെന്ന് സോണിയാ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സര്‍ക്കാര്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. കൂടാതെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രവര്‍ത്തന ശൈലിയെയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെയും പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നതായും നരേന്ദ്ര മോദിയെ മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്ന ഭാഗങ്ങള്‍ മാറ്റാനും ആവശ്യപ്പെട്ടു.

ഇത് രണ്ടിന് പുറമെ ആര്‍എസ്എസിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും പ്രസാധകര്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ വേണമെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ നിര്‍ദ്ദേശിച്ചപ്പോള്‍ സോണിയ ഗാന്ധി അത് നിരസിക്കുകയാണുണ്ടായത്. പുസ്തകത്തിലെ വസ്തുതകളും അഭിപ്രായങ്ങളും തന്റെ സ്വന്തം അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാല്‍ അവ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി ആസൂത്രണം ചെയ്ത നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പ്രസിദ്ധീകരിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ താത്പര്യമെന്നും എഴുത്തുകാരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഒരു പ്രസാധകര്‍ എന്നനിലയില്‍ പുസ്തകത്തിനകത്തെ വസ്തുതകള്‍ പരിശോധിക്കുകയും അനുയോജ്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പ്രസാധന രംഗത്തെ സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധികരിക്കാന്‍ തങ്ങള്‍ പൂര്‍ണ സന്നദ്ധരായിരുന്നെന്നും രചയിതാവുമായുള്ള ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു പ്രസാധാകരുടെ വിശദീകരണം.

ഇറ്റലിയിലെ കുട്ടിക്കാലം മുതല്‍ നെഹ്റു-ഗാന്ധി കുടുംബത്തിലേക്കുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം, പ്രധാനമന്ത്രിപദം നിരസിക്കാനുള്ള തീരുമാനംവരെ എല്ലാം വിശദമായി പുസ്തകത്തിലുണ്ട്. ജീവിതകഥ എഴുതുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും സ്‌നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കപ്പെട്ട ജീവിതത്തെ ഈ പുസ്തകത്തിലൂടെ നിര്‍വചിക്കാനായിരുന്നു തന്റെ ശ്രമമെന്നും സോണിയ അഭിപ്രായപ്പെട്ടിരുന്നു. നെഹ്രു കുടുംബത്തെ കുറിച്ച് ഇതിനകം നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും ശരിയായ രീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും സോണിയ പറയുന്നു.1965ല്‍ കേംബ്രിജില്‍ വെച്ച് 19-ാം വയസ്സില്‍ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത് മുതലുള്ള പ്രണയവും പുസ്തകത്തില്‍ പറയുന്നു, രാജീവ് ഗാന്ധിയുടെ പൈലറ്റ് കാലവും 1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണം കുടുംബത്തില്‍ സൃഷ്ടിച്ച ആഘാതവും 1984-ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതും തുടര്‍ന്ന് രാജീവ് ഗാന്ധി രാഷ്രട്രീയത്തിലെത്തിയതുമെല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

3 Major Flashpoints In Sonia Gandhi Memoir Publishing Controversy
'മാറ്റങ്ങള്‍ ആവശ്യപ്പെട്ടു, സോണിയ തയ്യാറായില്ല'; 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യന്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി
3 Major Flashpoints In Sonia Gandhi Memoir Publishing Controversy
സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍
Summary

RSS, China, PM Modi's Work: 3 Major Flashpoints In Sonia Gandhi Memoir Publishing Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com