

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയ വിവാദത്തെത്തുടര്‍ന്ന് ബംഗാളി കവി ശ്രീജതോ ബന്ദോപാധ്യായ പങ്കെടുക്കുന്ന പരിപാടി വേണ്ടെന്ന് വെച്ച് സാഹിത്യ അക്കാദമി. ഒഴിവാക്കാനാകാത്ത കാരണങ്ങളെന്നാണ് അക്കാദമിയുടെ വിശദീകരണം. പരിപാടിയില്‍ പ്രഭാഷകനായി ബന്ദോപാധ്യായയെ ക്ഷണിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിവാദമായ 'ശാപം' എന്ന കൃതിയുടെ രചയിതാവായ അദ്ദേഹത്തെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കവിതയില്‍ തൃശൂലത്തില്‍ കോണ്ടം വയ്ക്കുന്നതിനെക്കുറിച്ച് ഒരു വരിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ശ്രീജതോ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അക്കാദമി, കഴിഞ്ഞ ആഴ്ച നഗരത്തിലെ ഓഡിറ്റോറിയത്തില്‍ നടത്തേണ്ടിയിരുന്ന 'ആവിഷ്‌കാരങ്ങള്‍' എന്ന പരിപാടി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരിപാടിയുടെ പ്രഭാഷകരുടെ പട്ടിക പരസ്യമാക്കിയപ്പോള്‍, ഒരു വിഭാഗം ആളുകള്‍ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അക്കാദമി പൊതുജനവികാരങ്ങളോട് സംവേദനക്ഷമതയില്ലാത്തവരാണെന്നായിരുന്നു പ്രതികരിച്ചത്. ഒക്ടോബര്‍ 24 വൈകുന്നേരം, അക്കാദമി എക്‌സ് ഹാന്‍ഡിലൂടെയാണ് പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. ചില ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം, ഒക്ടോബര്‍ 25 ന് കൊല്‍ക്കത്തയിലെ സാഹിത്യ അക്കാദമിയുടെ റീജിയണല്‍ ഓഫീസില്‍ ഉച്ചയ്ക്ക് 2:30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയെന്നായിരുന്നു അറിയിപ്പ്. എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
അക്കാദമിയുടെ മറ്റ് പരിപാടികള്‍ നിശ്ചയിച്ച പ്രകാരം നടന്നിരുന്നു. അവിടെ ബന്ധപ്പെട്ട കവിയെ ക്ഷണിച്ചിരുന്നില്ല. അതിഥി പട്ടിക മുന്‍കൂട്ടി പരിശോധിക്കുന്നതിനുപകരം പൊതുജന സമ്മര്‍ദ്ദത്തോടുള്ള പ്രതികരണമായാണ് പരിപാടി റദ്ദാക്കിയ അക്കാദമിയുടെ തീരുമാനത്തെ ചിലര്‍ വ്യാഖ്യാനിച്ചത്. പ്രസ്താവനയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാരണങ്ങള്‍ക്കപ്പുറം, ഈ വിഷയത്തില്‍ മറ്റൊന്നും ചേര്‍ക്കാനില്ലെന്ന് സാഹിത്യ അക്കാദമിയുടെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാട്‌സ്്ആപ്പ് സന്ദേശങ്ങള്‍ക്കോ ഫോണ്‍ കോളുകള്‍ക്കോ ശ്രീജതോ ബന്ദോപാധ്യായ മറുപടി നല്‍കിയില്ല. 2024 നവംബറില്‍ സമാന രീതിയില്‍ പരിപാടി റദ്ദാക്കിയിരുന്നു. പുരാണശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ദേവദത്ത് പട്ടനായിക്കിന്റെ മുന്‍കാല ഓണ്‍ലൈന്‍ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍, അദ്ദേഹത്തെ ക്ഷണിച്ചതിനെത്തുടര്‍ന്ന് അക്കാദമി സെമിനാര്‍ റദ്ദാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates