ഹോമി ജെ ഭാഭ, സഞ്ജയ് ഗാന്ധി, സൗന്ദര്യ... ആകാശ ദുരന്തങ്ങളുടെ പട്ടികയിലേക്ക് അജിത് പവാറും

Sanjay Gandhi to Ajit Pawar: Popular leaders and personalities who died in plane crashes
വൈ എസ് രാജശഖര റെഡ്ഡി ,മാധവറാവു സിന്ധ്യ,ഹോമി ജെ ഭാഭ

മഹാരാഷ്ട്രയിലെ ബരാമതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപിയുടെ മുതിര്‍ന്ന നേതാവുമായ അജിത് പവാര്‍ അപകടത്തില്‍പ്പെട്ടത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം എടുത്താല്‍ നിരവധി നേതാക്കളാണ് വിമാനാപകടങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളെ കൂടാതെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ക്കും വിമാനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ആണവ ശാസ്ത്ര പദ്ധതിയുടെ പിതാവായ ഹോമി ജെ ഭാഭ, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നടി സൗന്ദര്യ എന്നിവരും ഈ നിരയിലുണ്ട്.

1. വിജയ് രൂപാണി (2025)

Vijay Rupani
വിജയ് രൂപാണി

ഗുജറാത്തിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി 2025ല്‍ അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിലാണ് മരിച്ചത്. വിമാനം തകര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണിബോയിംഗ് 787 ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു, വിമാനത്തില്‍ 240-ല്‍ അധികം പേര്‍ മരിച്ചിരുന്നു.

2. ദോര്‍ജി ഖണ്ഡു (2011)

Dorji Khandu
ദോര്‍ജി ഖണ്ഡു

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രില്‍ 30നാണ് കൊല്ലപ്പെട്ടത്. തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്ക് പോവുകയായിരുന്ന ഹാന്‍സ് ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെസ്റ്റ് കാമെങ് ജില്ലയില്‍ ഹെലികോപ്റ്റര്‍ കൊടും വനപ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. കാണാതായി നാലു ദിവസത്തിന് ശേഷമാണ് ചൈന അതിര്‍ത്തിയോട് ചേര്‍ന്ന ലുഗുതാങ്ങില്‍ നിന്ന് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ ദോര്‍ജി ഖണ്ഡുവിനെ കൂടാതെ മറ്റ് നാല് പേരും കൊല്ലപ്പെട്ടു.

3. വൈ എസ് രാജശഖര റെഡ്ഡി (2009)

Y. S. Rajasakhara Reddy
വൈ എസ് രാജശഖര റെഡ്ഡി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശഖര റെഡ്ഡി എന്ന വൈ എസ് ആര്‍ 2009 സെപ്തംബര്‍ രണ്ടിനാണ് വിമാനാപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് ചിറ്റൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വൈ എസ് ആര്‍ സഞ്ചരിച്ച ബെല്‍ 430 ഹെലികോപ്റ്റര്‍ നാലമല്ല വനത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പറന്നുയര്‍ന്ന് കുറച്ചു സമയത്തിനകം ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടിരുന്നു. 27 മണിക്കൂറിന് ശേഷമാണ് വൈ എസ് ആറിന്റെ മൃതദേഹം കണ്ടെത്തിയത്.

4. ജിഎംസി ബാലയോഗി (2002)

ജിഎംസി ബാലയോഗി
ജിഎംസി ബാലയോഗി

2002 മാര്‍ച്ച് 3 ന് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് അന്നത്തെ ലോക്സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ജിഎംസി ബാലയോഗി മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊല്ലേരു പ്രദേശത്തുള്ള കൊവ്വടലങ്ക ഗ്രാമത്തില്‍ വച്ചായിരുന്നു അപകടം.

ആകാശത്ത് വെച്ച് ഹെലികോപ്റ്ററിന് മെക്കാനിക്കല്‍ തകരാര്‍ സംഭവിച്ചതിനു പിന്നാലെ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

5. മാധവറാവു സിന്ധ്യ (2001)

Madhavrao Scindia
മാധവറാവു സിന്ധ്യ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ 2001 സെപ്തംബര്‍ 30 ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. സിന്ധ്യയും 6 പേരും സഞ്ചരിച്ച 10സീറ്റുള്ള സി90 വിമാനം കാന്‍പുരില്‍ നിന്ന് 172 കിലോമീറ്റര്‍ അകലെ മെയിന്‍പുരി ജില്ലയിലാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയും മേഘസ്‌ഫോടനവുമാണ് അപകടകാരണം. 1971-ല്‍ ജനസംഘത്തിന്റെ പിന്തുണയോടെ മധ്യപ്രദേശിലെ ഗുണ പാര്‍ലമെന്ററി സീറ്റില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ചുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച സിന്ധ്യ ഒമ്പത് തവണ ലോക്സഭാംഗമായി. 1971 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. മകന്‍ ജ്യോതിരാദിത്യ സിന്ധ്യ നിലവില്‍ കേന്ദ്ര മന്ത്രിയാണ്.

6. സഞ്ജയ് ഗാന്ധി (1980)

Sanjay Gandhi
സഞ്ജയ് ഗാന്ധി

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധി, ഡല്‍ഹിയില്‍ ഒരു ചെറുവിമാനം പറത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധി 1980 ജൂണ്‍ 23 ന് 33ാം വയസിലാണ് വിമാനാപകടത്തില്‍ മരിക്കുന്നത്. ഡല്‍ഹി ഫ്ളൈയിങ് ക്ലബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെയായിരുന്നു അപകടം. എയറോബാറ്റിക്‌സസ് പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റന്‍ സുഭാഷ് സക്‌സേനയും മരിച്ചു.

7. ഗുര്‍നാം സിങ് (1973)

gurnam sing
ഗുര്‍നാം സിങ്

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ഗുര്‍നാം സിങ് 1973 മെയ് 31 ന് ഡല്‍ഹിയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. പഞ്ചാബിന്റെ ആറാം മുഖ്യമന്ത്രിയായിരുന്ന ഗുര്‍നാം ശിരോമണി അകാലി ദളില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയായിരുന്നു. എട്ടുമാസം മാത്രമാണ് ഗുര്‍നാം മുഖ്യമന്ത്രിയായിരുന്നത്. ചെന്നൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ബോയിങ് 737 വിമാനം പാലം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ 65 യാത്രക്കാരില്‍ 48 പേരും മരിച്ചു.

8. ബല്‍വന്ത്റായ് മേത്ത (1965)

 Balwantrai Mehta
ബല്‍വന്ത്റായ് മേത്ത

ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ബല്‍വന്ത്റായ് മേത്ത പദവിയിലിരിക്കെ 1965 സെപ്തംബറില്‍ വിമാനം തകര്‍ന്നാണ് മരിച്ചത്. ഇന്ത്യ പാക് യുദ്ധകാലത്ത് കച്ച് അതിര്‍ത്തിക്ക് സമീപം പാക് വ്യോമസേന ബല്‍വന്ത്റായ് മേത്ത സഞ്ചരിച്ച വിമാനം വെടിവച്ചിടുകയായിരുന്നു.ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു അപകടം.

9. ബിപിന്‍ റാവത്ത് (2021)

Bipin Rawat
ബിപിൻ റാവത്ത്

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ജനറല്‍ ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ 8 നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു. സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്കുള്ള യാത്രാമധ്യേ തമിഴ്നാട്ടിലെ കൂനൂരിനടുത്താണ് സംഭവം. അപകടത്തിന് കാരണം 'മാനുഷിക പിഴവ് ' ആണെന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ജനുവരി 1നാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റത്.

10. സൗന്ദര്യ (2004)

K. S. Sowmya Sathyanarayana
സൗന്ദര്യ

പ്രശസ്ത നടി സൗന്ദര്യ (കെ എസ് സൗമ്യ സത്യനാരായണ) 2004 ഏപ്രില്‍ 17ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരൂവില്‍ നിന്ന് കരിം നഗറിലേക്ക് പോകുന്നതിനിടയിലുണ്ടായ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്. കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

11. ഹോമി ജെ ഭാഭ (1966)

Homi J Bhabha
ഹോമി ജഹാംഗീര്‍ ഭാഭ

ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ ഹോമി ജഹാംഗീര്‍ ഭാഭ 1966 ജനുവരി 24 നാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലണ്ടനിലേക്കുള്ള യാത്രാമധ്യേ ആല്‍പ്‌സ് പര്‍വതനിരകളിലെ മോണ്ട് ബ്ലാങ്ക് കൊടുമുടിക്കു സമീപമുണ്ടായ വിമാനാപകടത്തിലായിരുന്നു മരണം. ജനീവ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള തെറ്റായ ആശയവിനിമയം കാരണം ഹോമി ജെ ഭാഭ സഞ്ചരിച്ച എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 101 സ്വിറ്റ്‌സര്‍ലന്‍ഡിലെ മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നുവീഴുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com