

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഇന്ത്യയിലുടനീളം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയാണെന്ന് സുപ്രീം കോടതി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. മുസ്ലീം വ്യക്തിനിയമം (ശരിയത്ത്) പ്രകാരമുള്ള പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പ്രകാരം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ആര്‍ മഹാദേവന്‍, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
'മുസ്ലീം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് തുല്യമായ അനന്തരാവകാശം നിഷേധിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥ റദ്ദാക്കപ്പെട്ടാല്‍, അനന്തരാവകാശത്തെ നിയന്ത്രിക്കേണ്ട നിയമം ഏതാണ്? ഇതിനൊരു ഉത്തരം എന്താണെന്നുവെച്ചാല്‍, ഏകീകൃത സിവില്‍ കോഡ് ആണ്. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഇന്ത്യയിലുടനീളം ഒരു ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരിക എന്നതാണ്.' സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതാണ്. അത് പാരമ്പര്യവുമായി ബന്ധപ്പെട്ട വ്യക്തിനിയമം സംരക്ഷിക്കപ്പെടുന്നില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അനന്തരാവകാശം ഒരു പൗരാവകാശമാണ്. അത് അനിവാര്യമായ മതപരമായ ആചാരമായി കണക്കാക്കാനാവില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്നാല്‍ ആദിവാസികള്‍ ഉള്‍പ്പെടെ വിവിധ സമൂഹങ്ങളില്‍ വളരെയധികം അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നുവെച്ച് ഇവയെല്ലാം റദ്ദാക്കാന്‍ കഴിയുമോയെന്നും ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. 'ഒരു പുരുഷന് ഒരു ഭാര്യ' എന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ഒരേപോലെ ബാധകമല്ലേയെന്ന്, വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു.
'എന്നാല്‍ അതിനര്‍ത്ഥം കോടതിക്ക് എല്ലാ ദ്വിഭാര്യ വിവാഹങ്ങളെയും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണോ? അതിനാല്‍ നിര്‍ദ്ദേശ തത്വങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് നാം നിയമനിര്‍മ്മാണ അധികാരത്തിന് വഴങ്ങണം.' ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കോടതി ഇതിനകം നിയമനിര്‍മ്മാണ സഭകളോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates