supreme court
സുപ്രീംകോടതിഫയല്‍

'വളരെ അസ്വസ്ഥപ്പെടുത്തുന്നത്'; ജഡ്ജിമാര്‍ക്കെതിരായ പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
Published on

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ് ലോക്പാല്‍ ഉത്തരവെന്ന് കോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ് ഓഖ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍, ലോക്പാല്‍ രജിസ്ട്രാര്‍, സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി നല്‍കിയ വ്യക്തി എന്നിവര്‍ക്ക് സൂപ്രീംകോടതി നോട്ടീസ് അയച്ചു.

ആരോപണ വിധേയനായ ജഡ്ജിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പരാതി രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി ഒരിക്കലും 2013 ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസ് മാര്‍ച്ച് 18 ന് പരിഗണിക്കാനായി കോടതി മാറ്റി.

ഹൈക്കോടതി ജഡ്ജിമാർക്ക് എതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാലിന്റെ ഫുൾ ബെഞ്ച് ജനുവരിയിൽ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാർ പൊതു പ്രവർത്തകർ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുമെന്നും, അതിനാൽ 2013 ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരം ഉണ്ടെന്നുമായിരുന്നു ലോക്പാൽ വിധി. ഹൈക്കോടതി ജഡ്ജി സിവിൽ കേസിൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജിയെയും, മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയുയർന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com