ബംഗളൂരു: സ്കൂളിലേക്ക് പോകുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് വീണ് അപകടംപറ്റി രണ്ട് വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. റേച്ചൽ പ്രിഷയാണ് 702 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മരണം ബംഗളൂരുവിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
2020 മാർച്ച് 11ന് അച്ഛനോടൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരക്കൊമ്പ് തലയിൽ വീണ പത്ത് വയസ്സുകാരി റേച്ചലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി വ്യാഴാഴ്ചയാണ് മരിച്ചത്.
മകളുടെ മരണത്തിന് ഉത്തരവാദികൾ ബിബിഎംപി (ബ്രുഹത് ബംഗളൂരു മഹാനഗര പാലിക) ഉദ്യോഗസ്ഥരാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. മരങ്ങളുടെ ഉണങ്ങിയ ശിഖരങ്ങൾ നീക്കം ചെയ്യേണ്ടത് ബിബിഎംപിയുടെ ഉത്തരവാദിത്തമാണെന്നും ആവർത്തിച്ച് പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥർ കണ്ണടച്ചതാണ് ഗുരുതര അപകടത്തിൽ കലാശിച്ചതെന്നും അവർ ആരോപിച്ചു.
മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആശുപത്രിയിലെത്തി കുട്ടിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. "റേച്ചലിന്റെ വിയോഗം ശരിക്കും വേദനിപ്പിക്കുന്നു. നേരത്തെ അവളെ സന്ദർശിച്ച് അവളോടൊപ്പം സമയം ചിലവഴിച്ചിരുന്നു. അവൾ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഭാവിയിലെങ്കിലും ബിബിഎംപി ഇത്തരത്തിലുള്ള ദുരന്തങ്ങൾ അവസാനിപ്പിക്കണം," കുമാരസ്വാമി ട്വീറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates