ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടപ്പെടും: ആന്ധ്രാ ഹൈക്കോടതി

പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി
SCs will lose their status after converting to Christianity: Andhra High Court
ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിഫയൽ
Updated on
1 min read

വിജയവാഡ: പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തിയാല്‍ അതുവഴി എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഗുണ്ടൂര്‍ ജില്ലയിലെ കൊത്തപാളത്ത് നിന്നുള്ള പാസ്റ്റര്‍ ചിന്താട ആനന്ദ് ഉള്‍പ്പെട്ട കേസില്‍ ജസ്റ്റിസ് എന്‍ ഹരിനാഥ് ആണ് വിധി പുറപ്പെടുവിച്ചത്. എസ്സി/എസ്ടി നിയമപ്രകാരം ചിന്താട ആനന്ദ് പരാതി നല്‍കിയിരുന്നു. 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡിയും മറ്റുള്ളവരും ജാതിയുടെ പേരില്‍ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആനന്ദ് ചന്ദോളു പൊലീസില്‍ പരാതി നല്‍കിയത്. ഒരു ദശാബ്ദത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണ് ആനന്ദ്.

എസ്സി/എസ്ടി നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും മറ്റുള്ളവരും ഹൈക്കോടതിയെ സമീപിച്ചു.ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിച്ച ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട് 1950ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നതെന്നും ഫാനി ദത്ത് കോടതിയെ ധരിപ്പിച്ചു.

എന്നാല്‍ ആനന്ദിന് സാധുവായ ഒരു എസ്സി ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും നിയമപ്രകാരമുള്ള സംരക്ഷണത്തിനുള്ള യോഗ്യത അദ്ദേഹത്തിന് ഉണ്ടെന്നും ആനന്ദിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജാതി വ്യത്യാസങ്ങള്‍ നിലവിലില്ലാത്ത ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം നിലവിലുള്ള ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി അസാധുവാക്കുമെന്ന് ജസ്റ്റിസ് ഹരിനാഥ് വ്യക്തമാക്കി. എസ്സി/എസ്ടി നിയമം പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങളെ വിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനാണ് നടപ്പിലാക്കിയതെന്നും എന്നാല്‍ അതിലെ വ്യവസ്ഥകള്‍ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആനന്ദ് വ്യാജ പരാതി നല്‍കി എസ്സി/എസ്ടി നിയമം ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി. പാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹം പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചതായി സാക്ഷികള്‍ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പദവി പരിശോധിക്കാതെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പൊലീസിനെ കോടതി വിമര്‍ശിച്ചു.

ആനന്ദിന്റെ പരാതിക്ക് നിയമപരമായ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി റാമിറെഡ്ഡിക്കും മറ്റുള്ളവര്‍ക്കുമെതിരായ കേസ് ജസ്റ്റിസ് ഹരിനാഥ് റദ്ദാക്കി. ആനന്ദിന്റെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാധുത അധികാരികളുടെ പരിശോധനയ്ക്ക് വിധേയമാകുമെന്നും എന്നാല്‍ മതപരിവര്‍ത്തനത്തിന് ശേഷം എസ്സി/എസ്ടി നിയമപ്രകാരമുള്ള സംരക്ഷണത്തിന് അദ്ദേഹത്തിന് അര്‍ഹത ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com