

ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യ പല്ലവിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. കഴുത്ത് മുറിച്ച് കൊലപ്പെടുത്തുന്ന രീതികളെക്കുറിച്ച് ഇവര്‍ ഫോണില്‍ ഒട്ടേറെ തവണ തിരഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പുറമേ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം മകള്‍ കൃതിയുടെ ആരോഗ്യ നില പരിശോധിക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃതിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പല്ലവിക്കും കൃതിക്കും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ഓം പ്രകാശിന്റെ മകന്‍ പൊലീസിനെ അറിയിച്ചിരുന്നു. കേസ് അന്വേഷണം പൊലീസില്‍ നിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
മകള്‍ക്ക് ഭര്‍ത്താവ് മയക്കുമരുന്ന് നല്‍കിയിരുന്നതായാണ് പല്ലവിയുടെ ആരോപണം. മകളുടെ ഫോണ്‍, ലാപ്‌ടോപ് പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ഹാക്ക് ചെയ്‌തെന്നും പല്ലവി അറസ്റ്റിന് ശേഷം പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ഭക്ഷണത്തില്‍ ഇന്‍സുലിനും സാനിറ്റൈസറും ചേര്‍ത്തതായും ജീവന്‍ അപകടത്തിലാക്കിയെന്നും പല്ലവി ആരോപിച്ചു. പണത്തോടുള്ള ആര്‍ത്തി മൂലമാണ് മകനും മരുമകള്‍ക്കും ഒപ്പം നില്‍ക്കുന്നത്. ഞങ്ങള്‍ക്ക് മാനസിക രോഗമാണെന്ന് ആരോപിച്ചുകൊണ്ട് സ്വന്തം പ്രവൃത്തികള്‍ മറച്ചുവെക്കുകയാണ് ഭര്‍ത്താവ് ചെയ്തത്.
അതേസമയം, കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ മകള്‍ കൃതി പൊലീസിനോട് സഹകരിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മരണ വിവരം അറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് വാതില്‍ തുറക്കാന്‍ പറഞ്ഞപ്പോള്‍ തന്നെ കൃതി പ്രകോപിതയായിരുന്നു. ചോദ്യം ചെയ്യലിനായി പൊലീസിനൊപ്പം പോകാന്‍ വിസമ്മതിക്കുകയും ചെയ്തു. കൃതിയുടെ വിരലടയാളം എടുക്കാനും പൊലീസ് ഏറെ ബുദ്ധിമുട്ടി. ദമ്പതികളുടെ ദീര്‍ഘകാലമായിട്ടുള്ള തര്‍ക്കം, പല്ലവിയുടെ മാനസികാരോഗ്യംസ ഗാര്‍ഹിക പീഡനത്തെക്കുറിച്ചുള്ള പല്ലവിയുടെ അവകാശ വാദം എന്നിവയില്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates