

ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാവും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, യുക്രൈനിൽ നിന്നുള്ള വിദ്യാർഥികളുടെ രക്ഷാപ്രവർത്തനവും അവരുടെ തുടർപഠനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നു കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അതേസമയം ബജറ്റ് സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ യോജിച്ച നീക്കങ്ങൾക്ക് സാധ്യത മങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചാൽ എല്ലാവരും കോൺഗ്രസുമായി സഹകരിക്കാൻ ഇടയില്ലാത്ത സാഹചര്യമാണുള്ളതെന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന പാർട്ടി എം പിമാരുടെ യോഗത്തിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഔപചാരികമായി യോഗം വിളിക്കുന്നതിനു മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ വികാരം അറിയാൻ രാജ്യസഭയിലെ ചീഫ് വിപ് ജയ്റാം രമേശിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം ഉത്തർപ്രദേശ് നിയമസഭയിലേക്കുൾപ്പെടെ മികച്ച വിജയം നേടി ഭരണം നിലനിർത്താൻ കഴിഞ്ഞതു ഭരണകക്ഷിയായ ബിജെപിക്കു കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. പഴയ രീതിയിൽ രാവിലെ 11 മുതലായിരിക്കും ഇക്കുറി ഇരു സഭകളും സമ്മേളിക്കുക. രാജ്യസഭ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ സമയം നിശ്ചയിച്ചിരിക്കുന്നതിനാൽ അധിക സമയം ലഭിക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ 8നു സമാപിക്കും. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
