

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്.
ഇംഫാലിലെ കാംഗ്‌ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുകയെന്നാണ് വിവരം. മിസോറാം സന്ദര്‍ശനത്തിന് പിന്നാലെ മോദി മണിപ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുക്കി ഗോത്രവിഭാഗക്കാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതോടെയാണ് കലാപം ആരംഭിക്കുന്നത്. പിന്നീട് ഇങ്ങോട്ട് രാജ്യം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 260ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. 60,000 പേര്‍ പലായനം ചെയ്തു. കലാപത്തിന് പിന്നാലെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
