

മുംബൈ: ലൈംഗിക പീഡനം, മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങളില്‍ നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിക്ക് എതിരെ അന്വേഷണം. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായതായും എച്ച് ആര്‍ മാനേജരെ ചോദ്യം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചില്ലെന്ന ആരോപണത്തില്‍ ആണ് എച്ച് ആര്‍ മാനേജര്‍ക്ക് എതിരായ നടപടി.
കമ്പനിയിലെ ജീവനക്കാരി മാര്‍ച്ചില്‍ നല്‍കിയ പരാതിയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പേര്‍ ആക്ഷേപവുമായി രംഗത്തെത്തിയത്. പിന്നാലെ ലൈംഗിക പീഡനം, മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് എട്ട് എഫ്ഐആറുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. എട്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെയാണ് പരാതിക്കാര്‍.
കമ്പനിയിലെ ജീവനക്കാരായ ആറ് പേരെ അറസ്റ്റ് പരാതികളില്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആസിഫ് അന്‍സാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്തര്‍, ഡാനിഷ് ഷെയ്ക്ക് എന്നിവരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. നാസിക് പൊലീസ് കമ്മീഷണറുടെ ഓഫീസിന് ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗൗരവമുള്ള വാര്‍ത്ത എന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംഭവത്തെ വിശേഷിപ്പിച്ചത്. വിഷയത്തില്‍ വേഗത്തില്‍ ഇടപെട്ട പൊലീസിനെയും അദ്ദേഹം പ്രശംസിച്ചു. ഐടി കമ്പനിയില്‍ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയ ഇത്തരം സംഭവം വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, 'കോര്‍പ്പറേറ്റ് ജിഹാദ്' എന്നാണ് ബിജെപി മന്ത്രി നിതേഷ് റാണെ ഈ കേസിനെ വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates