

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ജാമ്യം തേടി ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയെ സമീപിച്ചു. 2020 കേസില്‍ അറസ്റ്റിലായി അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയെ സമീപിച്ചത്.
ഡല്‍ഹി കലാപക്കേസില്‍ 2022 നും 2024 നും ഇടയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് സെപ്തംബര്‍ രണ്ടിനാണ് വിധി പറഞ്ഞഥ്. ഷര്‍ജില്‍ ഇമാം, ഉമര്‍ ഖാലിദ്, മുഹമ്മദ് സലീം ഖാന്‍, ഷിഫ-ഉര്‍-റഹ്മാന്‍, അത്തര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, അബ്ദുള്‍ ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ആണ് ഹൈക്കോടതി തള്ളിയത്.
സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷാര്‍ജില്‍ ഇമാമും ഉള്‍പ്പെടെയുള്ള എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വര്‍ഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവര്‍. ആഗോളതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും വളരെ കാലം തടവില്‍ കഴിഞ്ഞുവെന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി. രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്താല്‍ കുറ്റവിമുക്തനാകുന്നതുവരെ ജാമ്യത്തിന് അര്‍ഹതയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.
2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്. ഡല്‍ഹി കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates