

ന്യൂഡൽഹി: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ വിമത ഗ്രൂപ്പിൽ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി ലോക്സഭാംഗവും മുതിർന്ന നടനുമായ ശത്രുഘ്നൻ സിൻഹ. പാർട്ടിയും മമതാ ബാനർജിയും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ താൻ ഒരിക്കലും അവരെ ഉപേക്ഷിക്കില്ലെന്ന് അസൻസോൾ മണ്ഡലത്തിൽ നിന്നുള്ള എംപിയായ അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ സ്പീക്കർക്ക് വിമത എംപിമാർ നൽകിയ കത്തിൽ ശത്രുഘ്നൻ സിൻഹയും ഒപ്പിട്ടിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് താരം തന്റെ നിലപാട് പരസ്യമാക്കി രംഗത്തെത്തിയത്.
അധികാരത്തിൽ 12 വർഷം പൂർത്തിയാക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് കുറിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ശത്രുഘ്നൻ സിൻഹ എക്സിൽ (X) പങ്കുവെച്ച പോസ്റ്റാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചത്. "യഥാർത്ഥ കായിക മനോഭാവത്തോടെ, നമ്മുടെ സുഹൃത്തും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വഴികാട്ടിയുമായ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തിൽ 12 വർഷം പൂർത്തിയാക്കിയതിൽ ആശംസകൾ നേരുന്നു. ഇത് ഒരുപക്ഷേ ഏറ്റവും നീണ്ട ഭരണകാലയളവായിരിക്കാം. നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും സമൃദ്ധിയും നേരുന്നു. ജയ് ഹിന്ദ്," സിൻഹ കുറിച്ചു. ഈ പോസ്റ്റിൽ അദ്ദേഹം മമതാ ബാനർജിയെ കൂടി ടാഗ് ചെയ്തത് അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചു.
തൃണമൂൽ കോൺഗ്രസിനുള്ളിൽ രൂപം കൊണ്ട വിമത ഗ്രൂപ്പിലേക്ക് തനിക്കും ക്ഷണം ലഭിച്ചിരുന്നുവെന്ന് ശത്രുഘ്നൻ സിൻഹ വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ മമതാ ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുക എന്നതാണ് തന്റെ തീരുമാനമെന്നും നിലവിലെ സാഹചര്യത്തിൽ പാത മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതാ ബാനർജി എന്നും തെരുവിൽ പോരാടി വളർന്ന നേതാവാണെന്നും അടുത്തിടെ തൃണമൂൽ പരാജയപ്പെട്ട ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്ക് ഇപ്പോഴും 41 ശതമാനം വോട്ട് വിഹിതമുണ്ടെന്നും സിൻഹ ചൂണ്ടിക്കാട്ടി. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നിയമസഭാ കക്ഷിയും എംപിമാരും വലിയ തോതിൽ പിളർപ്പിലേക്ക് നീങ്ങുന്നതിനിടയിൽ ശത്രുഘ്നൻ സിൻഹയുടെ ഈ നിലപാട് മമതാ ക്യാമ്പിന് ആശ്വാസമായി മാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates