

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലും ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും സവിശേഷ സാന്നിധ്യമായിരുന്നു അന്തരിച്ച ജെഎംഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഷിബു സോറന്‍. ആദിവാസികളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിന്റെ രാഷ്ട്രീയജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയ രംഗത്തേക്കിറങ്ങിയ ഷിബു സോറന്‍ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടര്‍ന്ന ഈ സംഘം നെല്‍ കൃഷി നടത്തുന്നവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും ആദിവാസികള്‍ അല്ലാത്തവരെ നാട്ടില്‍ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തുടര്‍ന്നുണ്ടായ കലാപത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.
സന്താള്‍ സമുദായത്തില്‍പ്പെട്ട ഷിബു സോറന്‍ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയില്‍ 1944ലാണ് ജനിച്ചത്. ദുരിതം നിറഞ്ഞതായിരുന്നു ഷിബു സോറന്റെ ബാല്യകാലം. സോറന് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് പിതാവിനെ പണമിടപാടുകാര്‍ വനത്തിനുള്ളിവച്ച് കൊലപ്പെടുത്തിയത്. 1957 നവംബര്‍ 27നുണ്ടായ ആ സംഭവം ആ കൗമാരക്കാരന്റെയുള്ളില്‍ തീ കോരിയിട്ടു. ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഈ സംഭവം ഉത്തേജകമാകുകയും ചെയ്തു.
ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് എകെ റോയിയുമായും കുര്‍മി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേര്‍ന്ന് 1972ലാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രൂപീകരിച്ചു. ബിഹാറിനെ വിഭജിച്ച് പുതിയ സംസ്ഥാനം വേണമെന്നതായിരുന്നു സോറന്റെയും പാര്‍ട്ടിയുടെയും ആവശ്യം. പ്രത്യേക സംസ്ഥാനം വേണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന് 2000 നവംബര്‍ 15-ന് ഫലം കണ്ടു. ഝാര്‍ഖണ്ഡ് എന്ന സംസ്ഥാനം രൂപികൃതമായി.
1977ല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് എട്ട് തവണ ലോക്‌സഭാംഗമായും മൂന്ന് തവണ വീതം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കല്‍ക്കരി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
2005ലാണ് ഷിബു സോറന്‍ ആദ്യമായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. വെറും പത്ത് ദിവസം മാത്രമാണ് സോറന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയാകാന്‍ എത്തിയ സോറന്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടാനാകാതെ വന്നതോടെ രാജിവയ്‌ക്കേണ്ടിവന്നു. 2008ല്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും 145 ദിവസം മാത്രമാണ് സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. 2009ല്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും കാലാവധി പൂര്‍ത്തിയാക്കാന്‍ സോറന് കഴിഞ്ഞില്ല. സഖ്യകക്ഷികള്‍ തമ്മിലുള്ള തര്‍ക്കമാണ് കസേര നഷ്ടപ്പെടുത്തിത്
കേന്ദ്രമന്ത്രിയായപ്പോഴും സമാനമായ സ്ഥിതി തന്നെയായിരുന്നു. 2004ലാണ് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയാകുന്നത്. ആദിവാസികളും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട 1974-ലെ ചിരുദി കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് സോറന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. ജാമ്യം ലഭിച്ച ശേഷം മന്ത്രിസഭയില്‍ മടങ്ങിയെത്തിയെങ്കിലും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നതിനായി രാജിവച്ചു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ പത്ത് ദിവസത്തിനുശേഷം വീണ്ടും കേന്ദ്രമന്ത്രി സ്ഥാനത്തെത്തി.
ഒരു വര്‍ഷത്തിനുള്ളില്‍, തന്റെ മുന്‍ സെക്രട്ടറി ശശിനാഥ് ഝായുടെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടെേതാ വീണ്ടും രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി. ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നിട്ടും, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ പാര്‍ലമെന്റില്‍ ജെഎംഎം പിന്തുണച്ചതിനെ ബിജെപി മുഖ്യമന്ത്രിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെ വീണു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എട്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. നിലവില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
ദേശത്തിന്റെ നേതാവ് എന്ന നിലയില്‍ ദിഷോം ഗുരുവെന്നും ഗുരുജിയെന്നുമാണ് ഷിബു സോറന്‍ അറിയപ്പെട്ടത്. 2017ല്‍ ഒരു അഭിമുഖത്തില്‍ ഷിബു സോറന്‍ പറഞ്ഞിരുന്നു, 'എന്തുകൊണ്ടാണ് എന്നെ ദിഷോം ഗുരു എന്ന് വിളിക്കുന്നതെന്ന് എനിക്ക് അറിയില്ല. ആരാണ് എനിക്ക് ഈ പദവി നല്‍കിയതെന്ന് എനിക്കറിയില്ല. എനിക്കറിയാവുന്നത് 'ദിഷോം' എന്ന വാക്കിന്റെ അര്‍ത്ഥം 'രാജ്യം' അല്ലെങ്കില്‍ 'ലോകം' എന്നാണ്.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
