

ഭുവനേശ്വര്‍: സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും ആഹ്വാനം ചെയ്ത് ഒഡിഷ നിയമസഭാ സ്പീക്കര്‍ സുരാമ പാധി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 33-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
സമൂഹം സ്ത്രീകളെ ബഹുമാനിക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പുരോഗതി ഉണ്ടാവുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമൂഹിക സുരക്ഷ, രാഷ്ട്രീയം എന്നിവയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെ സ്ത്രീകളുടെ യഥാര്‍ത്ഥ വികസനം സാധ്യമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ സ്വാശ്രയരാകുകയും സാമ്പത്തിക വളര്‍ച്ച അനുഭവിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തിഗത കുടുംബങ്ങളില്‍ നിന്ന് ആരംഭിച്ച് മുഴുവന്‍ രാജ്യത്തിന്റെയും വികസനത്തിനും പുരോഗതിക്കും വേഗവും ശക്തിയും പകരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
'സ്ത്രീകള്‍ മുന്നിട്ടിറങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ സ്വയംപര്യാപ്തരാകാന്‍ പരിശ്രമിക്കണം. മറ്റുള്ളവര്‍ക്ക് ഒരു മാതൃക കാണിക്കണം. ആത്യന്തികമായി, അവര്‍ സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കണം'- സുരാമ പാധി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പരിഷ്‌കര്‍ത്താവായ ദേവി അഹല്യഭായ് ഹോള്‍ക്കറുടെ മഹത്തായ സംഭാവനകളെ അനുസ്മരിച്ചായിരുന്നു സ്പീക്കറുടെ പ്രസംഗം. ദേവി അഹല്യഭായ് ഹോള്‍ക്കറുടെ 300- ാം ജന്മവാര്‍ഷികം അടുത്തിടെ ആഘോഷിച്ചിരുന്നു.ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഏറ്റവും മുന്‍ഗണന നല്‍കുന്ന ഒരു നല്ല ഭരണ മാതൃക അവതരിപ്പിച്ച മാതൃകാപരമായ നേതാവായിരുന്നു ദേവി എന്നും സ്പീക്കര്‍ പറഞ്ഞു. എത്ര പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും ഇച്ഛാശക്തിയും ഉറച്ച ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന ആശയത്തിന്റെ പ്രതീകമാണ് ദേവിയെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
'ഈ അവാര്‍ഡ് വേളയില്‍, സ്ത്രീകള്‍ അവരുടെ അന്തസ്സ് സംരക്ഷിക്കാനും എല്ലാത്തരം അനീതികളോട് പോരാടാനും മുന്നോട്ട് വരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ( ടിഎന്‍ഐഇ) ഈ അവാര്‍ഡ് ദാന ചടങ്ങ് തീര്‍ച്ചയായും സംസ്ഥാനത്തെ സ്ത്രീകളെ അത്തരം ശ്രമങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
ഒഡിഷയില്‍ നടന്ന ദേവി അവാര്‍ഡുകളുടെ നാലാമത്തെ പതിപ്പില്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച് വേറിട്ടുനിന്ന 14 മുന്‍നിര സ്ത്രീകളെ ആദരിച്ചു. സംരക്ഷണ വാസ്തുശില്പി വിജയ അമുജുരെ, ഗാര്‍ഗി ഭട്ടാചാര്യ, കര്‍ഷക റൈമതി ഘുരിയ, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മൃതി സ്വെയിന്‍, ആഗോളതലത്തില്‍ പ്രശസ്തയായ ഒഡീസി നര്‍ത്തകി സുജാത മൊഹപത്ര, സംരംഭക മിനുശ്രീ മധുമിത, ശാസ്ത്രജ്ഞ ജ്യോതിര്‍മയി ഡാഷ്, സാമൂഹിക പ്രവര്‍ത്തക നിബേദിത ലെങ്ക, ഷെഫ് മധുസ്മിത സോറന്‍ തുടങ്ങിയവരെയാണ് ആദരിച്ചത്. ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, ടിഎന്‍ഐഇ ഒഡിഷ റെസിഡന്റ് എഡിറ്റര്‍ സിബ മൊഹന്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
