

ന്യൂഡല്‍ഹി: മകന്‍ രാഹുല്‍ ഗാന്ധിയുടെ ജനനത്തിന് മുമ്പ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നുവെന്നും എന്നാല്‍ ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ കുഞ്ഞ് മരിച്ചുവെന്നും വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓര്‍മക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്,' എന്ന പുസ്തകത്തിലാണ് ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്ന് സോണിയ തുറന്നുപറയുന്നത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ പുസ്തകത്തില്‍, ഇതുവരെ പരസ്യമായി പങ്കുവച്ചിട്ടില്ലാത്ത വ്യക്തിപരമായ അനുഭവങ്ങളാണ് അവര്‍ വിവരിക്കുന്നത്.
1968 സെപ്റ്റംബറിലായിരുന്നു സോണിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഗാന്ധി കുടുംബത്തില്‍ സന്തോഷം പടര്‍ത്തിയത്. സാധാരണ ഗൗരവഭാവത്തില്‍ കാണപ്പെട്ടിരുന്ന ഇന്ദിര ഗാന്ധി പോലും അന്ന് ഏറെ സന്തോഷത്തിലായിരുന്നുവെന്ന് സോണിയ ഓര്‍ക്കുന്നു. സോണിയയെ കെട്ടിപ്പിടിച്ച് ചുംബിച്ച ഇന്ദിരയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 'ഒരു വലിയ കുഞ്ഞ് മറ്റൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു!'
എന്നാല്‍ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. പ്രസവം പ്രതീക്ഷിച്ചിരുന്നതിലും രണ്ടുമാസം മുമ്പ്, 1969 ജനുവരി 18-ന് സോണിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സ്വാഭാവിക പ്രസവമായിരുന്നു. കുഞ്ഞിന്റെ ആദ്യ കരച്ചില്‍ ഇന്‍ക്യുബേറ്ററില്‍ കിടത്തുമ്പോഴാണ് കേട്ടതെന്ന് സോണിയ പുസ്തകത്തില്‍ പറയുന്നു. 'പിന്നീട് രാജീവ് എന്നെ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുപോയി. കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള വിരലുകളുമുള്ള, പൂര്‍ണരൂപത്തിലുള്ള ഒരു ചെറിയ ആണ്‍കുഞ്ഞ്. രാജീവിന്റെ കൈ എന്റെ തോളിലൂടെ ചുറ്റിപ്പിടിച്ചിരിക്കെ ഞങ്ങള്‍ ഇരുവരും അവനെ നോക്കിനിന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഞങ്ങള്‍ അവനെ സ്‌നേഹിച്ചുതുടങ്ങി' -സോണിയ കുറിക്കുന്നു.
എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് രാജീവിനെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പുലര്‍ച്ചെ 6.30-ഓടെ കുഞ്ഞ് മരിച്ച വിവരം രാജീവ് സോണിയയെ അറിയിച്ചു. 'ആമി ആന്റി അരികിലിരിക്കെ രാജീവ് വളരെ സൗമ്യമായാണ് ആ വാര്‍ത്ത എന്നോട് പറഞ്ഞത്. 'ഇല്ല, അങ്ങനെ സംഭവിക്കില്ല! എന്തിന്?' എന്നായിരുന്നു എന്റെ ചോദ്യം. ഞങ്ങള്‍ രണ്ടുപേരും തകര്‍ന്നുപോയി. പരസ്പരം മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു. സാധാരണഗതിയില്‍ വികാരങ്ങള്‍ പുറത്തുകാണിക്കാത്ത രാജീവും അന്ന് പൊട്ടിക്കരഞ്ഞു,' സോണിയ ഓര്‍മിക്കുന്നു. വാര്‍ത്തയറിഞ്ഞ ഇന്ദിര ഗാന്ധി മറ്റൊരു സ്ഥലത്തായിരുന്നെങ്കിലും യാത്ര വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി. സോണിയയെയും രാജീവിനെയും കെട്ടിപ്പിടിച്ച ഇന്ദിരയുടെ കണ്ണുകള്‍ കരഞ്ഞ് ചുവന്നും വീര്‍ത്തുമിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. കുറച്ചുനേരം അവര്‍ക്കൊപ്പം ചെലവഴിച്ച ഇന്ദിരയ്ക്ക് ഔദ്യോഗിക യാത്ര പൂര്‍ത്തിയാക്കേണ്ടതിനാല്‍ പിറ്റേന്ന് രാവിലെ മടങ്ങേണ്ടിവന്നു.
കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നതായിരുന്നു പിന്നീട് കുടുംബത്തെ അലട്ടിയ ചോദ്യം. ഹിന്ദു ആചാരപ്രകാരം നവജാതശിശുക്കളെ സാധാരണയായി സംസ്‌കരിക്കാറില്ല. പകരം നദിയില്‍ ഒഴുക്കുകയാണ് പതിവ്. എന്നാല്‍ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ സോണിയക്ക് മനസില്ലായിരുന്നു. ഒരിക്കല്‍ ഓഖ്ല ബാരേജില്‍ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിക്കിടന്ന ഒരു പുരുഷന്റെ മൃതദേഹം കണ്ട ഓര്‍മയാണ് സോണിയയെ അതില്‍നിന്ന് പിന്തിരിപ്പിച്ചത്. മൃതദേഹത്തെ വിശന്നുനടന്ന നായ്ക്കള്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന കാഴ്ച അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 'എന്ത് സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ ഞാന്‍ അനുവദിക്കില്ല. നദി എത്ര പവിത്രമാണെങ്കിലും എന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്യാന്‍ എനിക്ക് കഴിയില്ല,' എന്ന് താന്‍ ഉറച്ചുപറഞ്ഞതായി സോണിയ എഴുതുന്നു.
ഒടുവില്‍ മെഹ്‌റൗളിയിലെ ഫിറോസ് ഗാന്ധിയുടെ ഫാംഹൗസില്‍ കുഞ്ഞിനെ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. രാജീവും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ചേര്‍ന്നാണ് സംസ്‌കാരം നടത്തിയത്. ഫാംഹൗസിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് പൂത്തുനിന്നിരുന്ന പിങ്ക് ബോഗന്‍വില്ല ചെടിയുടെ ചുവട്ടില്‍ ആഴത്തില്‍ കുഞ്ഞിനെ അടക്കം ചെയ്തുവെന്ന് രാജീവ് പിന്നീട് സോണിയയോട് പറഞ്ഞു. പിന്നീട് ഫാംഹൗസില്‍ പോകുമ്പോഴെല്ലാം ഇരുവരും ആ സ്ഥലത്ത് പൂക്കള്‍ അര്‍പ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ട് വേദന കുറഞ്ഞില്ലെങ്കിലും സംഭവിച്ച യാഥാര്‍ഥ്യം അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്ന് സോണിയ കുറിക്കുന്നു.
ഗര്‍ഭകാലത്ത് ഇന്ദിര ഗാന്ധി ഭക്ഷണക്രമം, നടത്തം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ സോണിയക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പതിവ് പരിശോധനകളില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഇറ്റാലിയന്‍ ഭക്ഷണം ലഭിക്കാത്തതായിരുന്നു ഏക വിഷമം. അതേസമയം, ഞാവല്‍പ്പഴം, ഫാല്‍സ തുടങ്ങിയ പഴങ്ങളോടും ഫാന്റ എന്ന ഓറഞ്ച് പാനീയത്തോടും വലിയ ആഗ്രഹം തോന്നിയിരുന്നു. ദിവസവും 12 ഗ്ലാസ് വരെ ഫാന്റ കുടിച്ചിരുന്നുവെന്നും സോണിയ തമാശയോടെ ഓര്‍ക്കുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ ആഘാതം സോണിയയെ ഏറെക്കാലം വേട്ടയാടി. വിഷാദവും അപര്യാപ്തതാബോധവും കുറ്റബോധവുമെല്ലാം അനുഭവിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. ഇതിനിടെയാണ് ഒരു വലതുപക്ഷ പ്രതിപക്ഷ പത്രത്തില്‍ ഇന്ദിര ഗാന്ധിയെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പരാമര്‍ശം വന്നത്. 'അവിഹിതബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ മുത്തശ്ശിയാകാനുള്ള ഇന്ദിര ഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു' എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. ആ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്ന് സോണിയ പറയുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയ്‌ക്കൊപ്പം ഈ അധിക്ഷേപവും തന്നെ തളര്‍ത്തിയെന്ന് അവര്‍ ഓര്‍ക്കുന്നു.
കാലം കടന്നുപോയതോടെ ദുഃഖത്തിന്റെ മേഘങ്ങള്‍ പതുക്കെ നീങ്ങി. 1969 ഒക്ടോബറില്‍ വീണ്ടും ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത സോണിയ രാജീവിനെ അറിയിച്ചു. സന്തോഷത്തോടൊപ്പം ആശങ്കയും മനസിലുണ്ടായിരുന്നു. ഒടുവില്‍ 1970 ജൂണ്‍ 19ന് സോണിയ രാഹുല്‍ ഗാന്ധിക്ക് ജന്മം നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates