

ന്യൂഡല്‍ഹി: ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവി'ല്‍ ഇന്ത്യന്‍ ഭക്ഷണം, വസ്ത്രധാരണം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള തന്റെ ആദ്യകാല അനുഭവങ്ങള്‍ അവര്‍ വിശദമായി വിവരിക്കുന്നു. അന്തരിച്ച ഭര്‍ത്താവ് രാജീവ് ഗാന്ധിക്കൊപ്പമുള്ള അദ്യത്തെ ഇന്ത്യന്‍ ഭക്ഷണാനുഭവം ഉള്‍പ്പടെ ആത്മകഥയില്‍ രസകരമായാണ് സോണിയ പങ്കുവയ്ക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
അദ്യം രുചിച്ച ഇന്ത്യന്‍ വിഭവം തന്തൂരി ചിക്കനായിരുന്നെന്ന് സോണിയ ഗാന്ധി പറയുന്നു. 'അത് കടും ചുവപ്പ് നിറമുള്ളതും ചെറുതായി കരിഞ്ഞതും എരിവുള്ളതുമായിരുന്നു,' ഹാര്‍പ്പര്‍ കോളിന്‍സ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പതുക്കെ, പതുക്കെ അരിഭക്ഷണം, മട്ടണ്‍, ചിക്കന്‍, ദാല്‍ തുടങ്ങിയ വിഭവങ്ങള്‍ കുടുംബത്തിനൊപ്പം ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങിയതായും അവര്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും മനോഹരമായ വസ്ത്രങ്ങളിലൊന്നായാണ് സോണിയ സാരിയെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത് ഉടുക്കാന്‍ പഠിക്കുക ഒട്ടും എളുപ്പമായിരുന്നില്ലെന്നും സോണിയ പറയുന്നു. തന്റെ വിവാഹനിശ്ചയത്തിനായി ധരിക്കാനായി തിരഞ്ഞെടുത്തിരുന്നത് ഇളം പച്ചയും മഞ്ഞ നിറവമുള്ള ഒരു സാരിയായിരുന്നു. അതിന്റെ തോളിലിടുന്ന ഭാഗം ശരിയായി നിര്‍ത്താന്‍ നിരവധി സേഫ്റ്റി പിന്നുകള്‍ ഉപയോഗിക്കേണ്ടി വന്നതായും സോണിയ പറയുന്നു. സ്വാതന്ത്ര്യസമരകാലത്ത് ജവഹര്‍ലാല്‍ നെഹ്റു ജയിലില്‍ കിടന്ന നൂല്‍ നൂറ്റെടുത്ത സാരിയാണ് വിവാഹദിവസം അവര്‍ ധരിച്ചതെന്നും പബ്ലിഷര്‍ പറയുന്നു.
സോണിയ ജനങ്ങളുമായി ഇടപഴകുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, 'എങ്ങനെയാണ് ഒരു രാജ്യം നിങ്ങളുടെ ഭാഗമായി മാറിയത്?' എന്ന ചോദ്യത്തിന് ഒരിക്കല്‍ അപരിചിതമായി തോന്നിയ കാര്യങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ അത് പതുക്കെ സംഭവിക്കുന്നുവെന്നാണ് സോണിയയുടെ മറുപടി.
വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷം സോണിയ പൊതുജീവിതത്തിലേക്ക് കടന്നുവന്നതും ആത്മകഥയില്‍ വിവരിക്കുന്നു. ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും, പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയും, ജനങ്ങളെ കാണുകയും കേള്‍ക്കുകയും ചെയ്തതുള്‍പ്പടെയുള്ള സംഭവങ്ങളും പുസ്തകത്തില്‍ പറയുന്നു. എംപി, കോണ്‍ഗ്രസ് അധ്യക്ഷ, യുപിഎ അധ്യക്ഷ, ദേശീയ ഉപദേശകസമിതി അധ്യക്ഷ എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു. വിവാഹം, അമ്മായിയമ്മയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുമായുള്ള ആദ്യ പരിചയപ്പെടല്‍, ഹിന്ദി പഠിക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും പുസ്തകത്തിലുണ്ട്.
വിമാന അപകടത്തില്‍ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടത്, ഇന്ദിരാ ഗാന്ധിയുടെ വധം, 1991-ല്‍ രാജീവ് ഗാന്ധിയുടെ വധം എന്നിവയുള്‍പ്പെടെ കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളും വിശദമായി പുസ്തത്തില്‍ പ്രതിപാദിക്കുന്നു. കൂടാതെ, 2004-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ച സഖ്യത്തിന്റെ വിജയത്തെക്കുറിച്ചും അതിനു പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി പദം സോണിയ നിരസിച്ചതും, പകരം ദീര്‍ഘകാലം പാര്‍ട്ടിയെയും മുന്നണിയെയും വഴിനടത്തുകയും ചെയ്ത കാര്യങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു
പുസ്തകം പുറത്തിറങ്ങുന്നതോടെ വലിയ രീതിയിലുള്ള ബഹളങ്ങള്‍ക്ക് സാധ്യതയുണ്ടെന്നെന്ന് സോണിയ ഗാന്ധി നേരത്തെ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 'എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ പലതും പൂര്‍ണമായും ശരിയല്ല. ചിലത് കെട്ടിച്ചമച്ചതോ അതിശയോക്തി കലര്‍ന്നതോ ആണ്. അതുകൊണ്ട് തന്നെ എന്റെ കഥ എന്താണെന്നും യഥാര്‍ഥ വസ്തുതകള്‍ എന്തൊക്കെയാണെന്നും തുറന്നെഴുതാന്‍ എനിക്കിപ്പോള്‍ അവസരം ലഭിച്ചിരിക്കുകയാണ്'' സോണിയ ഗാന്ധി പറഞ്ഞു. പുസ്തകം വായിക്കുന്നതോടെ ചിലരുടെ കാഴ്ചപ്പാടുകള്‍ മാറിയേക്കാമെന്നും എന്നാല്‍ മറ്റു ചിലര്‍ക്ക് തന്നോട് കൂടുതല്‍ വിദ്വേഷം തോന്നാമെന്നും അവര്‍ പറഞ്ഞു. 'ജനങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. ചിലര്‍ എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയേക്കാം. മറ്റു ചിലരുടെ മനോഭാവം കൂടുതല്‍ വഷളായേക്കാം, പക്ഷേ അതിലൊന്നും ചെയ്യാനില്ല. പൊതുജീവിതത്തിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ ഒരു പുസ്തകം എഴുതുമ്പോഴോ ഇതൊക്കെ സാധാരണമാണ്. ഇവിടെ പറയാറുള്ളതുപോലെ, ഇതിനു പിന്നാലെ വലിയൊരു ബഹളം ഉണ്ടാകുമെന്നുറപ്പാണ്'- സോണിയ ഗാന്ധി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates