ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍വി രമണ. ജഡ്ജിമാരുടെ നിയമനം പവിത്രമായ പ്രക്രിയയാണെന്നും മാധ്യമങ്ങള്‍ അതു മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതിയില്‍നിന്നു വിരമിക്കുന്ന ജസ്റ്റിസ് നവീന്‍ സിന്‍ഹയ്ക്കുള്ള യാത്രയയപ്പു ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി പരസ്യമാക്കിയത്. മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങളില്‍ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയിലേക്കു ജഡ്ജിമാരെ നിയമിക്കേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അതിന് പവിത്രതയും അന്തസ്സുമുണ്ട്. മാധ്യമങ്ങള്‍ അതു മനസ്സിലാക്കണം- ചീഫ് ജസ്റ്റിസ് പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തികളുടെ അവകാശത്തെയും സുപ്രീം കോടതി ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍ അന്തിമതീരുമാനമാവാത്ത കാര്യത്തെപ്പറ്റി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വിപരീതഫലമുണ്ടാക്കുന്നതാണ്. ഉത്തരവാദിത്വമില്ലാത്തതും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതവുമായ റിപ്പോര്‍ട്ടിങ് അര്‍ഹതയുള്ളവരുടെ നിയമനത്തെപ്പോലും ബാധിച്ചതിന് ഉദാഹരണങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിര്‍ഭാഗ്യകരമാണ് സംഭവമാണിത്. അതില്‍ അതിയായ വിഷമമുണ്ട്- ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഗൗരവമുള്ള ഒരു കാര്യത്തില്‍ ഊഹാപോഹങ്ങള്‍ നിരത്താതെ നിയന്ത്രണം പാലിക്കുക എന്നത് ബഹുഭൂരിപക്ഷം മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന പതിവാണ്. ജനാധിപത്യത്തിനു ഭൂഷണം അതാണ്. ധാര്‍മികതയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ സുപ്രീം കോടതിയുടെ കരുത്താണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates