

ന്യൂഡല്‍ഹി: എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ സമാപനം ഇന്ന്. രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തുന്നതോടെ എഴുപത്താറാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍നിന്ന് ഒമ്പതാംതവണയാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. സുപ്രധാന വികസന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ ക്ഷണിതാക്കളായുണ്ടാകും.
'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ചെങ്കോട്ട പുറത്തുനിന്ന് കാണാന്‍ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു. ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
പരിസരങ്ങളിലെ 1000 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലും പരിസരത്തും ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളടക്കം 70 സായുധവാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് പതാക ഉയർത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തലശേരി എ. എസ്.പി പി. നിധിൻരാജാണ് പരേഡ് കമാൻഡർ. കുട്ടിക്കാനം കെ. എ. പി അഞ്ചാം ബറ്റാലിയൻ അസി. കമാൻഡന്റ് ബിജു ദിവാകരനാണ് സെക്കന്റ് ഇൻ കമാൻഡ്.
12 സായുധ, സായുധരല്ലാത്ത ഘടകങ്ങൾ വീതം പരേഡിൽ അണിനിരക്കും. മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള സായുധ പോലീസിന്റെ അഞ്ച് ബറ്റാലിയനുകൾ, കേരള സായുധ വനിത പോലീസ് ബറ്റാലിയൻ, ഇന്ത്യാ റിസർവ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് ആന്റ് റസ്‌ക്യു ഫോഴ്‌സ്, കേരള ജയിൽ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ് എന്നിവരാണ് സായുധ ബറ്റാലിയനുകൾ. കേരള ഫയർ ആന്റ് റസ്‌ക്യു സർവീസ്, കേരള വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, സൈനിക സ്‌കൂൾ, എൻ.സി.സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ, പെൺകുട്ടികൾ), എൻ.സി.സി ജൂനിയർ ഡിവിഷൻ നേവൽ വിംഗ്, എയർ വിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആൺകുട്ടികൾ, പെൺകുട്ടികൾ), ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ് എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്ന സായുധരല്ലാത്ത ഘടകങ്ങൾ. അശ്വാരൂഡ പോലീസിന്റെ ഒരു പ്‌ളാറ്റൂണുമുണ്ടാവും. രണ്ട് ബാൻഡുകളും പരേഡിൽ പങ്കെടുക്കും.
പരേഡിനു ശേഷം മുഖ്യമന്ത്രി വിവിധ അവാർഡുകൾ വിതരണം ചെയ്യും. 10.15 മുതൽ എൻ.സി.സി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനം നടക്കും. 10.30ന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. 10.38ന് ചടങ്ങുകൾ അവസാനിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates