

ഇത്രയധികം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ? വോട്ടര്‍ ഐഡി കാര്‍ഡ് എന്ന ആശയം ഉയര്‍ന്നുവന്ന ആദ്യകാലത്ത് ഇങ്ങനെയായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്. ഇത് പ്രാബല്യത്തില്‍ ആക്കാനാവുമോയെന്ന സംശയമാണ് കമ്മിഷന്‍ അന്നു മുന്നോട്ടുവച്ചത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള, പ്രധാനപ്പെട്ട ഘടകം തന്നെയായി വോട്ടര്‍ ഐഡി കാര്‍ഡ്.
1957ലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം ആദ്യം ഉയര്‍ന്നുവന്നത്. പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടുതന്നെ മൂന്നു പതിറ്റാണ്ട് ഇത് ആശമായിത്തന്നെ ഒതുങ്ങി. 1993ലാണ് വോട്ടര്‍ ഐഡി എന്ന ആശയം രാജ്യത്ത് നടപ്പായത്. തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം തടയാനുള്ള മാര്‍ഗമെന്ന നിലയില്‍ അവതരിപ്പിച്ച വോട്ടര്‍ ഐഡി ഇപ്പോള്‍ ആളെ തിരിച്ചറിയുന്നതിനും വിലാസത്തിനും ആധികാരിക രേഖയായി.
1960ലെ ഉപതെരഞ്ഞെടുപ്പില്‍ കല്‍ക്കട്ട (സൗത്ത് വെസ്റ്റ്) മണ്ഡലത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വോട്ടര്‍ ഐഡി ആദ്യം പ്രാവര്‍ത്തികമാക്കിയത്. അത് പരാജയം എന്നായിരുന്നു കമ്മിഷന്റെ തന്നെ വിലയിരുത്തല്‍. പിന്നീട് 1979ലെ സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കി. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ അസം, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും വോട്ടര്‍ ഐഡി കൊണ്ടുവന്നു. 1993ലാണ് ഇത് രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1958ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിയില്‍ രാജ്യം മുഴുവന്‍ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് കൊണ്ടുവരണമെന്ന നിര്‍ദേശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കല്‍ക്കട്ട സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ വോട്ടര്‍ ഐഡി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. പത്തു മാസം കിണഞ്ഞു ശ്രമിച്ചിട്ടും 3.42 ലക്ഷം വോട്ടര്‍മാരില്‍ 2.10 ലക്ഷത്തിനേ, ഫോട്ടോയെല്ലാം എടുപ്പിച്ച് കാര്‍ഡ് നല്‍കാന്‍ കമ്മിഷനു കഴിഞ്ഞുള്ളൂ. ഫോട്ടൊയെടുക്കാന്‍ സ്ത്രീകള്‍ തയറാവാതിരുന്നതായിരുന്നു, പദ്ധതി പാളാന്‍ മുഖ്യകാരണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തിറക്കിയ ലീപ് ഓഫ് ഫെയ്ത്തില്‍ പറയുന്നു. ഫണ്ടിന്റെ അപര്യാപ്തതയും പ്രശ്‌നമായി. കല്‍ക്കട്ടയില്‍ മാത്രം 25 ലക്ഷം രൂപയായിരുന്നു പദ്ധതിയുടെ ബജറ്റ്. 1962ല്‍ വോട്ടര്‍ ഐഡി പദ്ധതി കമ്മിഷന്‍ ഏതാണ്ട് പാതിവഴിയില്‍ ഉപേക്ഷിച്ചു.
മൂന്നു പതിറ്റാണ്ടിനിപ്പുറം വോട്ടര്‍ ഐഡി പദ്ധതി പൊടിതട്ടിയെടുത്ത കമ്മിഷന്‍ 1993ല്‍ അത് രാജ്യവ്യാപകമായി വിജയകരമായി നടപ്പാക്കി. 2021ല്‍ ഇ എപ്പിക് (ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡി കാര്‍ഡ്) അവതരിപ്പിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുതിയ കാലത്തേക്കും ചുവടു വച്ചു. എഡിറ്റ് ചെയ്യാനാവാത്ത സുരക്ഷിതമായ പിഡിഎഫ് ഫോര്‍മാറ്റിലുള്ള തിരിച്ചറിയല്‍ കാര്‍ഡാണിത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വോട്ടറെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിക്കും. മൈബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് സുഗമമായി കൈകാര്യം ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates