

ഗുവാഹത്തി: ഗായകന്‍ സുബീന്‍ ഗാര്‍ഗ് മരിച്ചത് സ്‌കൂബ ഡൈവിങിനിടെയല്ലെന്നും കടലില്‍ നീന്തുന്നതിനിടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ മരണം ആസൂത്രിതമാണെന്നാണ് ദൃക്‌സാക്ഷിയും സുബീന്റെ ഒപ്പം ബാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൊലപാതകത്തിന് പിന്നില്‍ സുബീര്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹന്ത എന്നിവരാണെന്നും വിഷബാധയും ചികിത്സ നല്‍കുന്നതിനുള്ള അലംഭാവവുമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നുമാണ് ഗോസ്വാമി പറയുന്നത്. ഇതിനായി വിദേശരാജ്യം തെരഞ്ഞെടുത്തത് കൊലപാതകം അപകടമരണമാക്കി ഒതുക്കാനാണെന്നും ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂരില്‍ എത്തിയ സുബീന്‍ ഗാര്‍ഗ് സെപ്തംബര്‍ 19നാണ് മരിച്ചത്. അന്നേ ദിവസം വൈകുന്നേരം സുബീര്‍ ഗാര്‍ഗ് കടലില്‍ നീന്തുമ്പോള്‍ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമിയെയും ഗായിക അമൃത്പ്രവ മഹന്തയെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. മുങ്ങിമരണമാണെന്നാണ് സുബീന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. എന്നാല്‍ സുബീന്‍ ഒരു നീന്തല്‍ വിദഗ്ധന്‍ ആയിരുന്നുവെന്നും അതിനാല്‍ സ്വാഭാവിക മുങ്ങിമരണത്തിന് സാധ്യതയില്ലെന്നുമാണ് ഗോസ്വാമി തറപ്പിച്ച് പറയുന്നത്.
സിംഗപ്പൂരില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സിദ്ധാര്‍ഥ് ശര്‍മയുടെ പെരുമാറ്റങ്ങള്‍ സംശയാസ്പദമായ രീതിയിലായിരുന്നുവെന്ന് ഗോസ്വാമി അവകാശപ്പെടുന്നുണ്ട്. സഞ്ചരിച്ചിരുന്ന യാട്ടിന്റെ നിയന്ത്രണം ബലമായി ഇയാള്‍ ഏറ്റെടുത്തതായും ആരോപണമുണ്ട്. അപകടം നടന്നപ്പോള്‍ സുബീന്റെ വായിലൂടെയും മൂക്കിലൂടെയും നുര വന്നപ്പോള്‍ ജബോ ദേ, ജബോ ദേ (അയാളെ പോകാന്‍ അനുവദിക്കൂ) എന്ന് നിലവിളിച്ച് ശര്‍മ തടസമുണ്ടാക്കുകയായിരുന്നുവെന്നാണ് ഗോസ്വാമി പറയുന്നത്. നുര വന്നപ്പോള്‍ അടിയന്തര സഹായം നല്‍കുന്നതിന് പകരം ആസിഡ് റിഫ്‌ളക്‌സ് ആണെന്ന് തള്ളിപ്പറഞ്ഞെന്നും ആരോപണമുണ്ട്.
സിദ്ധാര്‍ഥ് ശര്‍മ, ശ്യാംകാനു മഹന്ത എന്നിവര്‍ക്കെതിരെ ഗൂഢാലോചന, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങള്‍ നിലവില്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സുബീന്‍ ഗാര്‍ഗിന്റെ മൃതദേഹം രണ്ടാം തവണ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates