സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

രാജ്യത്ത് ജനാധിപത്യം പുലരുന്നതിനുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു
Support for CJP protest; CPM leaders including Pinarayi in custody
പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറിലേക്ക് നടത്തുന്ന മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചതെത്തിയ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍. പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍, കൈ ശൈലജ, ജോണ്‍ ബ്രിട്ടാസ്, കെഎന്‍ ബാലഗോപാല്‍, ശിവദാസന്‍ എംപി, പി രാജീവ്, പി കെ ശ്രീമതി ഉള്‍പ്പടെയുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജ്യത്ത് ജനാധിപത്യം പുലരുന്നതിനുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജി എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ജനാധിപത്യമാണ് രാജ്യത്ത് പുലരേണ്ടത്. പൂര്‍ണമായ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പൂര്‍ണമായും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ആ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. 13 കോടിയില്‍പ്പരം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. എല്ലാം ബിജെപി സര്‍ക്കാരിന് വേണ്ടി ഗ്യാനേഷ് കുമാര്‍ ചെയ്തതാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ വഴിവിട്ട നീക്കത്തിലൂടെ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത്'- പിണറായി വിജയന്‍ പറഞ്ഞു.

പൊലീസ് രാജ് കൊണ്ടൊന്നും പ്രക്ഷോഭത്തെ തകര്‍ക്കാനും തളര്‍ത്താനുമാവില്ല. കൂടുതല്‍ കൂടുതല്‍ ശക്തിയോടെ പ്രക്ഷോഭത്തിലേക്ക് രാജ്യം നീങ്ങുമെന്നും പിണറായി പറഞ്ഞു. 'എസ്‌ഐആര്‍ എവിടെയൊക്കെ പ്രയോഗിച്ചിട്ടുണ്ടോ അവിടെയെല്ലാം അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രദേശവും അതില്‍ നിന്ന് ഒഴിവല്ല. എല്ലാവരുടെയും വോട്ടവകാശം ഇല്ലാതാക്കാനാണ് പ്രാധാന്യം കൊടുത്തത്. അതിന്റെ ഭാഗമായി കാര്യങ്ങള്‍ അവരുടെ അജണ്ടയ്ക്ക് അനുസരിച്ച് മാറിയിട്ടുണ്ടെന്നതാണ് വസ്തുത. രാജ്യതലസ്ഥാനത്ത് ഇങ്ങനെ ഒരു അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ എന്തിന് ഉണ്ടാക്കുന്നു. ജനാധിപത്യത്തോട് ബഹുമാനമുള്ളവരാണെങ്കില്‍ സമരത്തെ നേരിടുക ഇങ്ങനെയല്ല. രാജ്യത്തെ ജനാധിപത്യം പുലരുന്നതിന് വേണ്ടിയുള്ള സമരമാണ് ഇത്. ജനാധിപത്യവിശ്വാസികള്‍ ഇതിനെതിരെ രംഗത്തുവരും' പിണറായി പറഞ്ഞു.

ഇരുപത്തിയ്യായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിട്ടുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് 'സിജെപി' നടത്തുന്ന സമരം രാവിലെ ആരംഭിക്കും. രാവിലെ 10 മണിയോടെ ജന്തര്‍ മന്തറിലെത്തണമെന്നാണു പ്രവര്‍ത്തകര്‍ക്ക് സിജെപി നല്‍കിയിട്ടുള്ള നിര്‍ദേശം. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരത്തിനെത്തുന്നത്.

അതേസമയം, പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹിയിലെ രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കശ്മീരി ഗേറ്റ് ഉള്‍പ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ലോക്കല്‍ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജന്‍പഥ്കര്‍ത്തവ്യ പഥിന് 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

Summary

Support for CJP protest; CPM leaders including Pinarayi in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com