അംഗ പരിമിതർക്ക് ഐപിഎസ് ആകാം; ആർപിഎഫിലും അപേക്ഷിക്കാം; ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: സിവിൽ സർവീസസ് പരീക്ഷ വിജയിച്ച അംഗ പരിമിതർക്ക് ഇനി ഐപിഎസിന് അപേക്ഷിക്കാം. സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെയാണ് അനുമതി നൽകിയത്. സന്നദ്ധ സംഘടനായ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്‌സ് ഓഫ് ദി ഡിസബിൾഡ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക എന്നിവർ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.
ഇന്ത്യൻ റെയിൽവേ സുരക്ഷാ സേന (ഐആർപിഎഫ്എസ്), ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ് പോലീസ് സേന (ഡിഎഎൻഐപിഎസ്) എന്നിവയിലേക്ക് അപേക്ഷിക്കാനും പരമോന്നത കോടതി അനുമതി നൽകിയിട്ടുണ്ട്. നിയമനം ഉൾപ്പടെയുള്ള തുടർ നടപടികൾ സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.
സിവിൽ സർവീസസ് പരീക്ഷ വിജയിച്ചവർക്ക് ഏത് സർവീസിൽ പ്രവർത്തിക്കാനാണ് താത്പര്യം എന്ന് വ്യക്തമാക്കി അപേക്ഷ നൽകേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാൽ അംഗപരിമിതർക്ക് ഏപ്രിൽ ഒന്നിന് നാല് മണിവരെ അപേക്ഷ നൽകാൻ സുപ്രീം കോടതി സമയം അനുവദിച്ചു. യുപിഎസ് സി സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയർ മുഖേനെയോ അപേക്ഷ നൽകാം.
അംഗപരിമിതർക്ക് പൊലീസ് സേനാ വിഭാഗങ്ങളിൽ നിലവിൽ അപേക്ഷിക്കാൻ കഴിയില്ലായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ഏപ്രിൽ 15ന് സുപ്രീം കോടതി ഹർജി വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

