

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന 'ഡിജിറ്റൽ അറസ്റ്റ്' സൈബർ തട്ടിപ്പുകളിൽ വിദ്യാസമ്പന്നരായ പൗരന്മാർ വീണ്ടും വീണ്ടും ഇരകളാകുന്നതിൽ കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് സുപ്രീം കോടതി. മൊബൈൽ ഫോൺ ചുവരിലേക്ക് എറിഞ്ഞാൽ തീരുന്ന അറസ്റ്റാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വാക്കാൽ രൂക്ഷമായി പരാമർശിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോധവൽക്കരണ പരിപാടികളും മുന്നറിയിപ്പുകളും നിരന്തരം നൽകിയിട്ടും ഇത്തരം തട്ടിപ്പുകൾ തടസ്സമില്ലാതെ തുടരുകയാണെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക എൻ.എസ്. നപ്പിനായ് കോടതിയെ അറിയിച്ചു. അടുത്തിടെ ഒരു സ്ത്രീക്ക് ഇത്തരത്തിൽ 2.5 കോടി രൂപ നഷ്ടപ്പെട്ട സംഭവവും അവർ ചൂണ്ടിക്കാട്ടി. മാർച്ച് 30-ന് കേന്ദ്ര സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിന് ശേഷവും ഡിജിറ്റൽ അറസ്റ്റ് കേസുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.
മാധ്യമങ്ങളിലും പൊതുവേദികളിലും ഇത്രയേറെ വാർത്തകളും മുന്നറിയിപ്പുകളും വന്നിട്ടും ജനങ്ങൾക്ക് എന്തുകൊണ്ടാണ് ഇത് മനസ്സിലാകാത്തതെന്ന് ചീഫ് ജസ്റ്റിസ് ആശ്ചര്യം പ്രകടിപ്പിച്ചു. "ഒരു ജനാധിപത്യ രാജ്യത്ത് മൊബൈൽ ഫോണിലൂടെ നിങ്ങൾ അറസ്റ്റിലാകുമെന്ന് വിശ്വസിക്കാൻ നിങ്ങൾ എങ്ങനെയുള്ള ആളാണ്? മൊബൈൽ ഫോൺ എടുത്ത് ചുവരിലേക്ക് എറിഞ്ഞാൽ ആ അറസ്റ്റ് അങ്ങ് അവസാനിക്കും," എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തുറന്നടിച്ചു.
തട്ടിപ്പുകാരുടെ അറസ്റ്റ് ഭീഷണിയാണ് ഇരകളെ ഭയപ്പെടുത്തുന്നതെന്നും, ബോധവൽക്കരണങ്ങൾക്കിടയിലും ആളുകൾ ഇതിൽ വീഴുന്നത് ഒരുതരം ഹിപ്നോട്ടിക് അവസ്ഥയാണെന്ന് മനശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ടെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. എന്നാൽ വിദ്യാസമ്പന്നരായ ആളുകൾ പോലും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നതിൽ ബെഞ്ച് കടുത്ത നിരാശ പ്രകടിപ്പിച്ചു. ഈ പ്രായത്തിൽ ഡിജിറ്റലായി അറസ്റ്റിലാകുന്ന ഇരകൾ അടുത്ത തലമുറയ്ക്ക് എന്ത് മൂല്യമാണ് പകർന്നു നൽകുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കോടതികളുടെ പേരിൽ വ്യാജ ഉത്തരവുകൾ കാട്ടിയാണ് ഭീഷണിപ്പെടുത്തുന്നതെങ്കിൽ, അത്തരം ഉത്തരവുകൾ ഔദ്യോഗിക കോടതി വെബ്സൈറ്റുകളിൽ കയറി വളരെ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates