മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ഭേദഗതി വരുത്തിയ ഫോം 6ന് തങ്ങളുടെ അംഗീകാരമില്ലെന്നും ബന്ധപ്പെട്ട രേഖകൾ ഹാജറാക്കപ്പെടുമ്പോൾ ആരാണ് ഭേദഗതി വരുത്തിയതെന്ന് വ്യക്തമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി
 SC Directs ECI Produce Records Form 6
സുപ്രീം കോടതി
Edited By:
Updated on: 
2 min read

ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ഗുരുതര ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആരോപണവിധേയരായ കക്ഷികളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. ഭേദഗതി വരുത്തിയ ഫോം 6ന് തങ്ങളുടെ അംഗീകാരമില്ലെന്നും ബന്ധപ്പെട്ട രേഖകൾ ഹാജറാക്കപ്പെടുമ്പോൾ ആരാണ് ഭേദഗതി വരുത്തിയതെന്ന് വ്യക്തമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡിജി (ഐടി) സീമ ഖന്ന എന്നിവർക്ക് വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചു.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട 14 സുപ്രധാന നയപരമായ തീരുമാനങ്ങൾ മറ്റ് രണ്ട് കമ്മീഷണർമാരുടെയും വിയോജിപ്പുകൾ അവഗണിച്ച് കമ്മീഷന്റെ പേരിൽ സിഇസി ഗ്യാനേഷ് കുമാർ സ്വന്തം നിലയിൽ ഏകപക്ഷീയമായി കൈക്കൊണ്ടുവെന്ന ൃപത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്. ഹർജിക്കാരനായ രാകേഷ് കുമാർ സിംഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്, വോട്ടവകാശത്തെക്കുറിച്ച് പൗരന്മാർ വലിയ അരക്ഷിതാവസ്ഥയിലാണെന്നും സിഇസിയെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും വാദിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ആക്ട് സെക്ഷൻ 18 പ്രകാരം കമ്മീഷനിലെ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടെയോ ആയിരിക്കണമെന്ന നിയമം ഇവിടെ പൂർണ്ണമായും ലംഘിക്കപ്പെട്ടുവെന്നും, സുപ്രീം കോടതി അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നാട് കത്തുമെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ സിഇസിയെ പെട്ടെന്ന് സസ്പെൻഡ് ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കുമെന്നും പിന്നെ ആരാണ് തെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് ചോദിച്ചു. മറ്റുള്ളവരുടെ ഭാഗം കേൾക്കാതെ പത്രവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ കോടതിക്ക് ഇത്തരം കടുത്ത നടപടികളിലേക്ക് കടക്കാനാകില്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ഫയലുകൾ പരിശോധിക്കുമ്പോൾ നിയമവിരുദ്ധമായ തീരുമാനങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആ തീരുമാനങ്ങൾ അസാധുവാക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

സമാനമായ ആവശ്യങ്ങളുമായി അഡ്വ. ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ മറ്റൊരു ഹർജിയിലും കോടതി നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയാണ് ഈ ഹർജിയിൽ ഹാജരായത്. 2025 ഒക്ടോബറിനും 2026 ആഗസ്റ്റിനും ഇടയിൽ 14 സുപ്രധാന വിഷയങ്ങളിൽ കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും സിഇസി ഏകപക്ഷീയമായി മുന്നോട്ടുപോയെന്നാണ് പ്രധാന ആക്ഷേപം. രാജ്യവ്യാപകമായി 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടി വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നുണ്ട്. ഫോം 6-ൽ അനധികൃത ഭേദഗതി വരുത്തൽ, ഇസിഐ-നെറ്റ് ഡാറ്റാബേസ് കേന്ദ്രീകരണത്തിലെ ക്രമക്കേടുകൾ, പശ്ചിമ ബംഗാളിൽ വോട്ടർമാരെ ഒഴിവാക്കാനായി കമ്മീഷന്റെ പേരിൽ 16.10 ലക്ഷം അപ്പീലുകൾ സമർപ്പിക്കൽ എന്നിവയിൽ ആർപി ആക്ട് സെക്ഷൻ 32 പ്രകാരം ക്രിമിനൽ കേസെടുത്ത് പ്രോസിക്യൂഷൻ നടപടി ആരംഭിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

The Supreme Court on Monday declined to pass an ex-parte interim order seeking the immediate suspension of Chief Election Commissioner (CEC) Gyanesh Kumar over allegations of taking unilateral decisions regarding the Special Intensive Revision (SIR) of electoral rolls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
 Plea in SC Against CEC Gyanesh Kumar
സുപ്രീം കോടതി
Anto Augustine
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com