ന്യൂഡല്‍ഹി: ഭീകരവിരുദ്ധ നിയമമായ യു എ പി എ ചുമത്തപ്പെട്ട കേസുകളില്‍പ്പോലും 'ജാമ്യം സ്വാഭാവിക നീതിയാണ്' എന്ന് സുപ്രീം കോടതി. ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ച സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന്റെ മുന്‍ ഉത്തരവിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക നിരീക്ഷണം നടത്തിയത്. നാര്‍ക്കോ-ടെററിസം കേസുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന ജമ്മു കശ്മീര്‍ സ്വദേശി സയ്യിദ് ഇഫ്തിഖര്‍ അന്ദ്രാബിയുടെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഈ നിലപാട് വ്യക്തമാക്കിയത്.
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഈ വര്‍ഷം ജനുവരിയില്‍ 'ഗുല്‍ഫിഷ ഫാത്തിമ വേഴ്‌സസ് സ്റ്റേറ്റ്' കേസില്‍ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് കോടതി രംഗത്തുവന്നത്. കൂടാതെ, കെ എ നജീബ് കേസ് വിധി നടപ്പിലാക്കാത്തതില്‍ 2024-ലെ 'ഗുര്‍വീന്ദര്‍ സിങ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ' കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയോടും കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. ദേശീയതലത്തില്‍ യുഎപിഎ കേസുകളില്‍ ശിക്ഷാ നിരക്ക് 6 ശതമാനം വരെ മാത്രമാണെന്നും, ജമ്മുകശ്മീരില്‍ ഇത് ഒരു ശതമാനത്തിലും താഴെയാണെന്നും സുപ്രീംകോടതി ഇതോടൊപ്പം നിരീക്ഷിച്ചു.
യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയാലും ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) ഇല്ലാതാകുന്നില്ല. കുറ്റം എത്ര ഗുരുതരമാണോ, അത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച മുന്‍ ജഡ്ജ്‌മെന്റിലെ കണ്ടെത്തലുകളോട് വിയോജിക്കുന്നതായി കോടതി അറിയിച്ചു. വലിയ ബെഞ്ചുകളുടെ ഉത്തരവുകള്‍ ലഘൂകരിക്കാനോ മറികടക്കാനോ ചെറിയ ബെഞ്ചുകള്‍ക്ക് അധികാരമില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
ഒരു പ്രതിയെ വിചാരണയൊന്നുമില്ലാതെ അനിശ്ചിതകാലത്തേക്ക് ജയിലിലിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ 2021-ലെ ചരിത്രപരമായ കെ എ നജീബ് കേസിലെ വിധി സുപ്രീം കോടതി വീണ്ടും ഉയര്‍ത്തിക്കാട്ടി. നീണ്ടുപോകുന്ന വിചാരണ തടവ് ജാമ്യം ലഭിക്കാനുള്ള ശക്തമായ കാരണമാണ്. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച ബെഞ്ച്, അവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യാപേക്ഷ നല്‍കാന്‍ കഴിയില്ലെന്ന രീതിയില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളോടും പുതിയ ബെഞ്ച് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2026 ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ കൂട്ടുപ്രതിക്കും ജാമ്യം നിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം. എന്നാല്‍, കേസിലെ കൂട്ടുപ്രതികള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളില്‍ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates