ന്യൂഡല്‍ഹി: തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ ഫയല്‍ ചെയ്ത 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിപങ്കര്‍ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എങ്കിലും കേസിന്റെ ഉചിതമായ ഘട്ടത്തില്‍ കോടതിയെ സമീപിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി.
സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ജാക്വിലിന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നു എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന വാദമെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടിവരുമെന്നും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വിചാരണയ്ക്ക് മുമ്പ് കുറ്റങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. ഒരു സുഹൃത്ത് മറ്റൊരാള്‍ക്ക് എന്തെങ്കിലും നല്‍കുകയും, പിന്നീട് നല്‍കിയയാള്‍ ഒരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്താല്‍ കാര്യങ്ങള്‍ പ്രയാസകരമാകുമെന്ന് പറഞ്ഞ അദ്ദേഹം കോടതി കീഴ്വഴക്കങ്ങള്‍ക്ക് വിധേയമാണെന്നും കൂട്ടിച്ചേര്‍ത്തു.
ജാക്വിലിന്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വിചാരണയിലൂടെ മാത്രമേ നിര്‍ണയിക്കാന്‍ കഴിയൂവെന്ന് നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി, ജൂലായ് മൂന്നിന് സമാനമായ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. 2022 ഓഗസ്റ്റില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇഡി അവരെ കൂട്ടുപ്രതിയാക്കിയിരുന്നു. സുകേഷിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ ആഡംബര സമ്മാനങ്ങള്‍ അവര്‍ സ്വീകരിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്.
സുകേഷ് അറസ്റ്റിലായശേഷം ജാക്വിലിന്‍ തന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും ഇഡി പറയുന്നു. സുകേഷുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ആദ്യം മറച്ചുവെച്ച അവര്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ പലതും സമ്മതിച്ചുവെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ആള്‍മാറാട്ടത്തിലൂടെയും വഞ്ചനയിലൂടെയും പ്രമുഖരെ ലക്ഷ്യമിട്ട് 215 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് ഡല്‍ഹിയിലെ മണ്ടോളി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates