

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ വിദ്യാർത്ഥികളിൽ നിന്നു ഫീസ് പണമായി കൈപ്പറ്റുന്നത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവ്. നിരോധനം ഏർപ്പെടുത്തിയിട്ടും പല രീതിയിൽ തലവരിപ്പണം തുടരുന്ന സാഹചര്യത്തിൽ ഇതു കർശനമായി തടയുന്നതിനുള്ള പൊതുനിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു. കർണാടകയിലെ സ്വാശ്രയ കോളജുകളിൽ പഠിച്ച മലയാളികളുടേതടക്കം പല സംസ്ഥാനങ്ങളിൽ 2004 മുതൽ 2007 വരെ പ്രവേശനം നേടിയവരുടെ ഫീസുമായി ബന്ധപ്പെട്ട അപ്പീൽ ഹർജികൾ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഫീസ് നിർണയ സമിതി നിശ്ചയിച്ചതിലും അധികം ഈടാക്കുന്ന ഏതു തുകയും തലവരിപ്പണം എന്ന പരിധിയിൽ വരുമെന്നു പരമോന്നത കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കച്ചവടവത്കരിക്കുന്ന ദുഷ്പ്രവണതകൾക്കു നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു ജഡ്ജിമാരായ എൽ നാഗേശ്വർ റാവു, ബിആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അമിത ഫീസിനെതിരെ നേരിട്ടു പരാതി നൽകാൻ സുപ്രീം കോടതിയുടെ ആഭിമുഖ്യത്തിൽ പുതിയ വെബ്പോർട്ടലിനു രൂപം നൽകാമെന്ന അമിക്കസ് ക്യൂറിയുടെ നിർദേശം കോടതി അംഗീകരിച്ചു. അമിത ഫീസ് ഈടാക്കുന്നതു നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾ നിയമം കൊണ്ടു വന്നിട്ടും ഫലമുണ്ടായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസിൽ കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.
ഫീസ് നിർണയ സമിതി നിശ്ചയിക്കുന്നതിൽ അധികം മാനേജ്മെന്റുകൾ ഈടാക്കാതിരിക്കാൻ പഴുതടച്ച സമീപനം വേണം. കൂടുതൽ തുക ഈടാക്കേണ്ട സാഹചര്യത്തിൽ ഫീസ് നിർണയ സമിതിയുടെ അനുമതി ഉറപ്പാക്കണം. കൗൺസലിങ് രണ്ടാഴ്ച മുൻപ് തീർക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രവേശന നടപടികളുടെ സമയക്രമം തീരുമാനിക്കുമ്പോൾ കൗൺസിലിങ്ങിലെ മുഴുവൻ റൗണ്ടുകളും പ്രവേശന തീയതിക്കു രണ്ടാഴ്ച മുൻപ് അവസാനിക്കുന്നുവെന്നു ദേശീയ മെഡിക്കൽ കമ്മിഷനും ഡെന്റൽ കൗൺസിലും ഉറപ്പാക്കണം. അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന ക്വാട്ടയിലേക്കുമുള്ള കൗൺസിലിങ് നടപടികൾ നിശ്ചിത സമയക്രമം പാലിച്ചു നടക്കുന്നുവെന്ന കാര്യം ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസും ബന്ധപ്പെട്ടവരും സംസ്ഥാന സർക്കാരുകളും ഉറപ്പാക്കണം.
അവസാനഘട്ട ഒഴിവുകളിലേക്കു (സ്ട്രേ വേക്കൻസി) തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ നീറ്റ് റാങ്ക് അടക്കം പരസ്യപ്പെടുത്തണം. പ്രവേശനത്തിനു പൂർണമായും മെറിറ്റ് അടിസ്ഥാനമാക്കണം. സുപ്രീം കോടതി വെബ്പോർട്ടലിനെക്കുറിച്ചുള്ള ലഘുലേഖ കൗൺസിലിങ് സമയത്തു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകണമെന്നും കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates