

ന്യൂഡല്‍ഹി: ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ 500 കോടി രൂപ ഫണ്ട് ഉപയോഗിച്ച് അവിടുത്തെ ഇടനാഴി പുനര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടയില്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ ഓര്‍മിപ്പിച്ച് സുപ്രീംകോടതി. ഭഗവാന്‍ ശ്രീകൃഷ്ണനായിരുന്നു ആദ്യത്തെ മധ്യസ്ഥനെന്ന് ഓര്‍ക്കണമെന്നാണ് കോടതി പരാമര്‍ശം. അതുകൊണ്ട് ദയവായി ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അനുവദിക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ക്ഷേത്ര ട്രസ്റ്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഒരു കമ്മിറ്റിയെയും സുപ്രീംകോടതി നിര്‍ദേശിച്ചു.
എന്നാല്‍ ആദ്യം യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത അലബാദ് ഹൈക്കോടതി പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഉത്തരവ് പുറപ്പെടുവിക്കാന്‍ തിടുക്കം കാണിച്ചതിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഇടനാഴി നിര്‍മിക്കുന്നതിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ മെയ് 15ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയ വിധി പിന്‍വലിക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ചാണ് അന്ന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. മാനേജ്‌മെന്റ് ട്രസ്റ്റിയായി ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയോ വിരമിച്ച മുതിര്‍ന്ന ജില്ലാ ജഡ്ജിയോ ഉണ്ടാവണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഓര്‍ഡിനന്‍സിന്റെ സാധുത നിര്‍ണയിക്കുന്നതുവരെ ഈ കമ്മിറ്റി ക്ഷേത്ര ഭരണം നടക്കും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭക്തര്‍ക്ക് സുരക്ഷിതമായി തീര്‍ഥാടനം നടത്തുന്നതിനുമായുള്ള ഫണ്ട് വിനിയോഗത്തിന് ഇടക്കാല കമ്മിറ്റിക്ക് കുറച്ച് സാവകാശം നല്‍കും. യുപി സര്‍ക്കാരുമായി വിഷയത്തില്‍ കൂടിയാലോചന നടത്തുന്നതിനും മറുപടി നല്‍കാനുമായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന് നാളെ രാവിലെ 10.30 വരെ സമയം നല്‍കിയിട്ടുണ്ട്.
സ്വകാര്യ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഇടനാഴി പുനര്‍നിര്‍മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് ഭൂമി പ്രശ്‌നം തീര്‍പ്പാക്കാമായിരുന്നുവെന്നും കോടതി നിര്‍ദേശിച്ചു. കക്ഷികള്‍ തമ്മിലുള്ള സ്വകാര്യ തര്‍ക്കങ്ങളില്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടാന്‍ തുടങ്ങിയാല്‍ അത് നിയമവാഴ്ചയുടെ തകര്‍ച്ചയിലേയ്്ക്ക് നയിക്കുമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ക്ഷേത്രം കൈകാര്യം ചെയ്യുന്നതിനും നിര്‍ദ്ദിഷ്ട ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും സംസ്ഥാനം ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്ന് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
1862 ല്‍ നിര്‍മ്മിച്ച ബാങ്കെ ബിഹാരി ക്ഷേത്രം വടക്കേ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ദൈനംദിന ആചാരങ്ങളും ക്ഷേത്ര ഭരണവും നിയന്ത്രിക്കുന്ന പാരമ്പര്യ പുരോഹിതനായ ഷെബൈറ്റ്സാണ് ക്ഷേത്ര ഭരണം നടത്തുന്നത്. 2022ല്‍ ജന്മാഷ്ടമി ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇടനാഴി പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉയര്‍ന്നത്. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇടനാഴി വീണ്ടും വികസിപ്പിക്കണമെന്ന് 2023 സെപ്തംബറില്‍ അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
