

ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ മുഴുവൻ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന തങ്ങളുടെ ചരിത്രപരമായ ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നവംബർ ഏഴിലെ തങ്ങളുടെ മുൻ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ (Recall applications) പൂർണ്ണമായും തള്ളിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ മുന്നോട്ട് വെച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരടങ്ങിയ ബെഞ്ച്, മുൻ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള എല്ലാ അപേക്ഷകളും നിരസിച്ചു. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് കോടതി ഈ കേസിൽ വിശദമായ വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളത്.
ഈ വിധി പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതി രാജ്യത്തെ സംസ്ഥാനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും അതീവ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസരിച്ച് ഈ വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും സുപ്രീം കോടതി നേരിട്ട് നിരീക്ഷണ ചുമതല കൈമാറി. ഇതിനായി എല്ലാ ഹൈക്കോടതികളും സ്വന്തം നിലയിൽ സുവോമോട്ടോ കേസ് രജിസ്റ്റർ ചെയ്ത് തുടർവിചാരണയും നിരീക്ഷണവും വഴി നടപടികൾ നിരീക്ഷിക്കണം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഈ ഉത്തരവ് നടപ്പിലാക്കിയതിന്റെ കൃത്യമായ പുരോഗതി റിപ്പോർട്ട് വരുന്ന ആഗസ്റ്റ് ഏഴിനകം അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്ക് മുൻപാകെ സമർപ്പിക്കേണ്ടതുണ്ട്. തുടർന്ന് ഹൈക്കോടതികൾ നൽകുന്ന ഏകീകൃത റിപ്പോർട്ട് വരും നവംബർ 17-ന് സുപ്രീം കോടതി പരിശോധിക്കും. ഉത്തരവുകൾ ബോധപൂർവ്വം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ദയാവധത്തിനും ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിനും അനുമതി
മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ പേവിഷബാധയേറ്റതും അങ്ങേയറ്റം അക്രമകാരികളായതുമായ തെരുവുനായ്ക്കളെ കർശനമായ നിയമപരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ദയാവധത്തിന് ഇരയാക്കാൻ ബന്ധപ്പെട്ട തദ്ദേശ-സംസ്ഥാന അധികാരികൾക്ക് സുപ്രീം കോടതി അനുമതി നൽകി. കൂടാതെ, ഈ വിധികൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെടുന്ന മുനിസിപ്പൽ, സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായ ഔദ്യോഗിക സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികളുടെ പേരിൽ അവർക്കെതിരെ സാധാരണ രീതിയിൽ എഫ്ഐആറോ മറ്റ് കടുത്ത നിയമനടപടികളോ സ്വീകരിക്കാൻ പാടുള്ളതല്ല. ഉദ്യോഗസ്ഥരെ മനഃപൂർവ്വം കുടുക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജമായ നിയമനടപടികൾ തടയാൻ ഹൈക്കോടതികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും.
എല്ലാ സംസ്ഥാനങ്ങളും എഡബ്ല്യുബിഐ ചട്ടങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു എബിസി (Animal B കേന്ദ്രമെങ്കിലും പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ജില്ലയിലെയും ജനസാന്ദ്രത കണക്കിലെടുത്തുകൊണ്ട് ഈ എബിസി കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ ഉത്തരവുകൾ മറ്റ് പൊതുസ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളണം. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും നായ കടിയേൽക്കുന്നവർക്കുള്ള ആന്റി റേബീസ് മരുന്നുകളുടെ ലഭ്യത എപ്പോഴും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ദേശീയപാതകളിലെ തെരുവുമാടുകളുടെ ശല്യം; എൻഎച്ച്എഐക്ക് നിർദ്ദേശം
തെരുവുനായ്ക്കൾക്ക് പുറമെ രാജ്യത്തെ ദേശീയപാതകളിൽ അപകടങ്ങൾക്കും യാത്രാ തടസ്സങ്ങൾക്കും കാരണമാകുന്ന തെരുവുമാടുകളുടെപ്രശ്നത്തിലും സുപ്രീം കോടതി അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഈ വിഷയം അടിയന്തരമായി പരിഹരിക്കണം. ഇതിനായി കാലാവധി കഴിഞ്ഞതോ കമ്മീഷൻ ചെയ്തതോ ആയ വലിയ ഗതാഗത വാഹനങ്ങൾ പരിഷ്കരിച്ച് തെരുവുമാടുകളെ മാറ്റാൻ സമയബന്ധിതമായി ഉപയോഗിക്കണം. ഇത്തരം പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻഎച്ച്എഐ പ്രത്യേക നിരീക്ഷണ-ഏകോപന സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
രാജ്യത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിലും സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. വർഷം 2001-ൽ തന്നെ എബിസി ചട്ടക്കൂട് രാജ്യത്ത് കൊണ്ടുവന്നിട്ടുള്ളതാണ്. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇതിന്റെ നടത്തിപ്പിൽ വലിയൊരു അനാസ്ഥയാണ് ദൃശ്യമാകുന്നത്. സ്ഥാപനവൽക്കരിക്കപ്പെട്ട കൃത്യമായ ആസൂറ്റണമില്ലാതെ, വികേന്ദ്രീകൃതമായ രീതിയിലാണ് പലയിടങ്ങളിലും വന്ധ്യംകരണ-പ്രതിരോധ കുത്തിവെപ്പ് യജ്ഞങ്ങൾ നടന്നത്. ഇത് എബിസി ചട്ടക്കൂടിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിച്ചു. സംസ്ഥാനങ്ങൾ ആവശ്യമായ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഇത്രത്തോളം ഭീതിജനകമായ നിലയിലേക്ക് എത്തില്ലായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു
വിമാനത്താവളങ്ങളിലെ നായശല്യം; കനത്ത അതൃപ്തി
എബിസി ചട്ടക്കൂട് നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ കാണിച്ച കടുത്ത നിഷ്ക്രിയത്വമാണ് നിലവിലെ പ്രതിസന്ധി ഇത്രത്തോളം വഷളാക്കിയതെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തുടനീളം തെരുവുനായ്ക്കളുടെ ആക്രമണങ്ങളും കടിയേൽക്കുന്ന സംഭവങ്ങളും നിരന്തരം ആവർത്തിക്കുകയാണ്. പുറത്തുവരുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഈ പ്രശ്നം അങ്ങേയറ്റം ആശങ്കാജനകമായ തലത്തിലേക്ക് വളർന്നിരിക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (IGI Airport) പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ പോലും ആവർത്തിച്ചുണ്ടാകുന്ന നായ ആക്രമണങ്ങൾ നമ്മുടെ നഗര ഭരണസംവിധാനങ്ങളുടെ വലിയ പോൈരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സൂററ്റിൽ വെച്ച് ഒരു ജർമ്മൻ സഞ്ചാരിക്ക് നായയുടെ കടിയേറ്റ സംഭവം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാണിച്ച കോടതി, ഇത്തരത്തിലുള്ള സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും നഗര ഭരണത്തിലുള്ള പൊതുജനങ്ങളുടെ ആത്മവിശ്വാസം തകർക്കുമെന്നും ഓർമ്മിപ്പിച്ചു.
രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഭീതിജനകമായ കണക്കുകളാണ് സുപ്രീം കോടതി വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ എന്ന ഒരൊറ്റ നഗരത്തിൽ മാത്രം വെറും ഒരു മാസത്തിനിടയിൽ 1,084 നായ കടിയേറ്റ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പിഞ്ചുകുട്ടികളാണ് ഇരകളായതെന്നും പലരുടെയും മുഖം നായ്ക്കൾ കടിച്ചു കീറിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ ഈ വർഷത്തെ ആദ്യത്തെ നാല് മാസങ്ങൾക്കുള്ളിൽ മാത്രം രണ്ട് ലക്ഷത്തിലധികം ആളുകൾക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. വിമാനത്താവളങ്ങൾ, ജനവാസ മേഖലകൾ, വലിയ നഗര കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം മനുഷ്യരുടെ സുരക്ഷിതമായ ജീവിതത്തിന് തെരുവുനായ്ക്കൾ വലിയ ഭീഷണിയാകുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാൻ കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുൻപത്തെ വിധിയിൽ ഉറച്ചുനിൽക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates