ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷേറിന്റെ ജന്‍ സുരാജ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പണം ഫണ്ട് അനുവദിച്ച സര്‍ക്കാര്‍ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു ജന്‍ സുരാജ് പാര്‍ട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ കോടതി ആവശ്യം തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ക്ഷീണം മാറാനും ജനപ്രീതി നേടാനും ജുഡീഷ്യറിയെ ഉപയോഗിക്കുന്ന നടപടി അംഗീകരിക്കാന്‍ ആകില്ലെന്ന വിമര്‍ശനത്തോടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. പരാതിക്കാര്‍ക്ക് വേണമെങ്കില്‍ പട്‌ന ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ആരോപിക്കുന്ന വിഷയം ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
നിങ്ങള്‍ക്ക് എത്ര വോട്ടുകള്‍ ലഭിച്ചു എന്ന ചോദ്യവും ബെഞ്ച് ഹര്‍ജിക്കാരോട് ചോദിച്ചു. നിങ്ങളെ ജനങ്ങള്‍ നിരസിച്ചതിന് ജൂഡീഷ്യറിയെ ചാരി ആശ്വാസം കണ്ടെത്തുകയാണോ. സര്‍ക്കാര്‍ പദ്ധതിയെ കുറിച്ചാണ് ആക്ഷേപം എങ്കില്‍ അത് ചോദ്യം ചെയ്യണം, തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് നിങ്ങളുടെ ആവശ്യം. ഇതൊരു സംസ്ഥാന വിഷയമാണ്, നിങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു അന്നത്തെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് പണം വിതരണം ചെയ്തത്. 35 ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് ഇപ്രകാരം പണം ലഭിച്ചെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ സി യു സിങ് കോടതിയില്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates