

ന്യൂഡല്‍ഹി: അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി. അഭിഭാഷകയായ നീഹാ നാഗ്പാലാണ് ഗര്‍ഭധാരണത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും വിടവുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഹര്‍ജിക്കാരിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാല്‍ ആണ് ഹാജരായത്. നിലവിലെ വാടക ഗര്‍ഭധാരണ നിയമങ്ങളില്‍ വലിയ വിടവുകളുണ്ടെന്ന് ഹര്‍ജിക്കാരി കോടതിയില്‍ വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണിത്. 2021 ലെ വാടക ഗര്‍ഭധാരണ നിയമത്തിലെ സെക്ഷന്‍ 2(1)
പ്രകാരം വിവാഹമോചിതരായവര്‍ക്കോ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കോ വാടക ഗര്‍ഭധാരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം തടയുന്നു. വിവാഹത്തില്‍ പ്രവേശിക്കാതെ തന്നെ മാതൃത്വത്തിനു അവകാശമുണ്ടെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
ഹര്‍ജിക്കാിക്ക് പ്രമേഹ രോഗാവസ്ഥയുണ്ട്. അതുകൊണ്ടു തന്നെ പ്രായം നീണ്ടുപോയാല്‍ ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണതകളും ഉണ്ടാകും. സ്വകാര്യ ജീവിതത്തില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ കൂടാതെ, വാടക ഗര്‍ഭധാരണം നേടാനും മാതൃത്വം അനുഭവിക്കാനുമുള്ള അവകാശം ഉറപ്പാക്കണമെന്നും വാദം നടന്നു. അവിവാഹിതരായ സ്ത്രീകള്‍ വാടക ഗര്‍ഭധാരണം തെരഞ്ഞെടുക്കുന്നത് വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചു. പുനരുല്‍പ്പാദനത്തിനുള്ള അവകാശം, അര്‍ത്ഥവത്തായ കുടുംബജീവിതത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയെല്ലാം ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള മൗലികാവകാശങ്ങളാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മുഴുവന്‍ വാദങ്ങള്‍ കേട്ട ശേഷമാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുകയും പ്രതികരണം തേടുകയും ചെയ്തിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates