കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി
ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധം
ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധംഎഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടു കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കി. ഇതുവരെ നല്‍കിയ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ബാങ്കകുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു.

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവരങ്ങള്‍ രഹസ്യമാക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. കമ്പനികളേയും വ്യക്തികളേയും ഒരേപോലെ പരിഗണിക്കുന്ന നിയമഭേദഗതി ഏകപക്ഷീയമാണ്. വ്യക്തികളേക്കാള്‍ കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ട്. ഇത് നയങ്ങളേയും സ്വാധീനിക്കും.

അജ്ഞാത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശത്തിന്റെയും ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെയും ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനാണ് ഇലക്ടറല്‍ ബോണ്ടുകളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കള്ളപ്പണം തടയാന്‍ ഇലക്ടറല്‍ ബോണ്ട് മാത്രമല്ല പോംവഴി. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഏകകണ്ഠമായ വിധിയാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നത് ചോദ്യം ചെയ്ത് സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ ഠാക്കൂര്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇലക്ട്രല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം സ്വീകരിക്കാന്‍ പാകത്തില്‍ മണി ബില്ലായി 2017ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്താണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018 ജനുവരി 2 മുതലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

എന്താണ് ഇലക്ട്രല്‍ ബോണ്ട്ൟ

2017ല്‍ ധന നിയമത്തിലൂടെയാണ് കേന്ദ്രം ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കിയത്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകള്‍ വാങ്ങാം. ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥാപനത്തിനും സംഭാവന നല്‍കാം.

1,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം.ഇതിനായി ആര്‍ബിഐ നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യനിയമം എന്നിവ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ആരാണ് പണം നല്‍കിയതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല.

പാര്‍ട്ടികള്‍ക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കാന്‍ സാധിക്കും. ഷെല്‍ കമ്പനികള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com