ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്തിയില്ല, സൈന്യം വെടിവെച്ചത് സംശയത്തെ തുടര്‍ന്ന്; അന്വേഷിക്കാന്‍ പ്രത്യേക സംഘമെന്ന് അമിത് ഷാ ലോക്‌സഭയില്‍ 

നാഗാലന്‍ഡിലെ മോണ്‍ ജില്ലയില്‍ ഗ്രാമീണരെ സൈന്യം വെടിവെച്ചു കൊന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പ്രസ്താവന നടത്തുന്നു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പ്രസ്താവന നടത്തുന്നു
Updated on
1 min read

ന്യൂഡല്‍ഹി: നാഗാലന്‍ഡിലെ മോണ്‍ ജില്ലയില്‍ ഗ്രാമീണരെ സൈന്യം വെടിവെച്ചു കൊന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്വേഷണ സംഘം ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

ഗ്രാമീണരെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്ന് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. സൈന്യത്തിന്റെ നടപടി രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഷയത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തുന്നതിനിടെയാണ് അമിത് ഷാ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച കാര്യം അറിയിച്ചത്. അമിത് ഷായുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പറഞ്ഞ് ടിഎംസി ഒഴികെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നാഗാലന്‍ഡില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം നാഗാലന്‍ഡ് ഡിജിപി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസന്വേഷണം സ്റ്റേറ്റ് ക്രൈം പൊലീസ് സ്റ്റേഷനാണ് കൈമാറിയത്. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മോണ്‍ ജില്ലയില്‍ വിഘടനവാദികളുടെ സാന്നിധ്യം സംബന്ധിച്ച് കരസേനയ്ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 21 കമാന്‍ഡോകളെയാണ് വിഘടനവാദികളെ അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ചത്. ഈസമയത്ത് സംശയാസ്പദമായ നിലയില്‍ കണ്ട വാഹനത്തോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ കടന്നുകളയാനാണ് ശ്രമിച്ചത്. വാഹനത്തില്‍ വിഘടനവാദികള്‍ ആണെന്ന് കരുതിയാണ് വെടിയുതിര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

വാഹനത്തില്‍ ഉണ്ടായിരുന്ന എട്ടുപേരില്‍ ആറുപേരും മരിച്ചു. പിന്നീടാണ് മനസിലായത് തെറ്റായാണ് വെടിവെച്ചത് എന്ന്. പരിക്കേറ്റ രണ്ടുപേരെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ഇതറിഞ്ഞ് ഗ്രാമവാസികള്‍ ആര്‍മി യൂണിറ്റ് വളഞ്ഞ് രണ്ട് വാഹനങ്ങള്‍ കത്തിക്കുകയും സൈനികരെ ആക്രമിക്കുകയും ചെയ്തതായും അമിത് ഷാ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com