താജ് മഹല്‍ മുതല്‍ അജന്ത ഗുഹകള്‍വരെ: കാണാതെ പോകരുത് ഇന്ത്യയിലെ ഈ ആറ് പൈതൃക സ്ഥലങ്ങള്‍

ചരിത്രവും പൈതൃകവും ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
Taj Mahal
താജ് മഹല്‍ഫയല്‍

സാംസ്‌കാരിക കേന്ദ്രങ്ങളോ, പ്രകൃതി സുന്ദരമായ ഇടങ്ങളോ അല്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്നതുമായ സ്ഥലങ്ങളാണ് ഇന്ത്യയിലെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങള്‍. നിലവില്‍ 43 പൈതൃത കേന്ദ്രങ്ങളാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ 35എണ്ണം സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഏഴെണ്ണം പ്രകൃതിയുമായി ബന്ധപ്പെട്ടതും ഒരെണ്ണം സമ്മിശ്ര പൈതൃക കേന്ദ്രവുമാണ്. രാജ്യത്തെ സംസ്‌കാരത്തിന്റെ ഉയര്‍ച്ചയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇത്തരം കേന്ദ്രങ്ങള്‍.

1. താജ്മഹല്‍

Taj Mahal
താജ്മഹല്‍ഫയല്‍

പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി പണി കഴിപ്പിച്ച താജ് മഹലാണ് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കാണ് ഈ പ്രണയകുടീരം പണികഴിപ്പിച്ചത്. വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ഈ മഹാദ്ഭുതം മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്നു.1983ല്‍ താജ്മഹല്‍ യുനെസ്‌കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംനേടി.

2. ഹംപി

Hampi
ഹംപിഫയല്‍

ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളില്‍ ഒന്നായ വിജയനഗര സാമ്രാജ്യം. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി മറ്റു പൗരാണിക നഗരങ്ങളെക്കാള്‍ പ്രൗഢഗംഭീരമാണ്. കര്‍ണാടകയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജഭരണകാലത്തെ ഓര്‍മപ്പെടത്തുന്ന കല്ലില്‍ കൊത്തിയുണ്ടാക്കിയ നിരവധി ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. നശിപ്പിക്കപ്പെട്ടിട്ടും ശിലാപാളികളില്‍ പണിതുയര്‍ത്തിയ കല്‍നിര്‍മിതികള്‍ക്ക് കാലപ്പഴക്കത്തിന്റെ മങ്ങലുപോലുമില്ല. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഹംപി സന്ദര്‍ശിക്കാന്‍ പറ്റിയ സീസണ്‍.

3. ഖജുരാഹോ

Khajuraho
ഖജുരാഹോഫയല്‍

മധ്യപ്രദേശില്‍ ഗംഗാസമതലത്തിനു തെക്കു സ്ഥിതി ചെയ്യുന്ന ബുന്ദേല്‍ഖണ്ട് വനമേഖലയ്ക്കു നടുവിലാണ് യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളിലൊന്നായി തിരഞ്ഞെടുത്ത ഖജുരാഹോ ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. CE950 നും 1050 നുമിടയിലാണ് ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചതെന്ന് കരുതുന്നു. നാഗര ശൈലിയിലുള്ള വാസ്തുവിദ്യാരീതികളാല്‍ നിര്‍മിക്കപ്പെട്ട മഹാദ്ഭുതങ്ങളായ 85 ഓളം ക്ഷേത്രങ്ങളില്‍ 22 എണ്ണം മാത്രമാണ് ഇന്നിവിടെ അവശേഷിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഖജുരാഹോ.

4. അജന്ത ഗുഹകള്‍

Ajanta Caves
അജന്ത ഗുഹകള്‍ഫയല്‍

ഇന്ത്യയില്‍ ആദ്യമായി യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലേക്ക് തെരഞ്ഞെടുത്തത് അജന്ത ഗുഹകളെയായിരുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയില്‍, വാഗൂര്‍ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് ലോകപ്രശസ്തമായ അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ബിസിഇ. രണ്ടാം നൂറ്റാണ്ടു മുതല്‍ എഡി ഏഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ ഗുഹാക്ഷേത്രങ്ങളാണ് ഇവ. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് ഇവിടെയുള്ളത്. ഇന്ന് നിലവില്‍ അജന്തയില്‍ 29 ഗുഹകള്‍ ആണ് ഉള്ളത്.

5. മഹാബലിപുരം

mahabalipuram
മഹാബലിപുരംഫയല്‍

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു പുരാതന തുറമുഖ നഗരമാണ് മഹാബലിപുരം അഥവാ മാമല്ലപുരം. എഡി ഏഴാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന പല്ലവരാജാക്കന്മാര്‍ നിര്‍മിച്ച ഒട്ടനേകം ചരിത്രനിര്‍മിതികള്‍ ഇവിടെ കാണാം. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അഞ്ചു രഥങ്ങള്‍ അടങ്ങിയ പഞ്ചരഥങ്ങള്‍, വിഷ്ണുക്ഷേത്രമായ തിരുക്കടല്‍ മല്ലൈ, ശില്പങ്ങളായ ഗംഗന്മാരുടെ പതനം, അര്‍ജ്ജുനന്റെ തപസ് എന്നിവ ഇവിടുത്തെ അതുല്യ കാഴ്ചകളാണ്. 1984- ലാണ് മഹാബലിപുരം ലോകപൈതൃക കേന്ദ്രമായി യുനെസ്‌കോ തെരഞ്ഞെടുത്തത്.

6. കൊണാര്‍ക്ക് സൂര്യക്ഷേത്രം

Konark Sun Temple
കൊണാര്‍ക്ക് സൂര്യക്ഷേത്രംഫയല്‍

വാസ്തുശില്‍പ കലയുടെ ഒരു കേന്ദ്രം മാത്രമല്ല, ആത്മീയതയുടെ സ്ഥാനം കൂടിയാണ് കൊണാര്‍ക്ക് ക്ഷേത്രം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച, ഇന്ത്യയിലെ സപ്താദ്ഭുങ്ങളില്‍ ഒന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ നരസിംഹദേവ ഒന്നാമന്‍ രാജാവ് പണി കഴിപ്പിച്ചതാണ് കൊണാര്‍ക് സൂര്യ ക്ഷേത്രം. ഏഴു കുതിരകള്‍ ചേര്‍ന്നു വലിക്കുന്ന ഒരു രഥം പോലെയാണ് ക്ഷേത്രം പണിതിരിക്കുന്നത്. രഥത്തിന് ഇരു വശങ്ങളിലും 12 ചക്രങ്ങള്‍. ആകെ 24 ചക്രങ്ങള്‍. നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും, പുരാതനകാലത്തെ വാസ്തുകലയുടെ മികവിന്റെ ഏറ്റവും മികച്ച അടയാളമായി കൊണാര്‍ക് ചക്രം ഇന്നും നിലകൊള്ളുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com