ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ.ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരള സർക്കാർ അണിയറയിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു.
കേരളവുമായുള്ള തർക്കത്തിന് പുറമെ, അയൽ സംസ്ഥാനമായ കർണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചു. കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
വന്ദേമാതര വിവാദത്തിന് ശേഷം 'തമിഴ് തായ് വാഴ്ത്ത്'
തമിഴ്‌നാട് നിയമസഭയുടെ പുതിയ സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് ഔദ്യോഗികമായി ആരംഭിച്ചത്. സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചു. ഇതിന് ശേഷമാണ് ദേശീയഗാനം ആലപിച്ചത്. തമിഴ്‌നാട്ടിൽ ദശാബ്ദങ്ങളായുള്ള ഭരണഘടനാപരമായ കീഴ്‌വഴക്കമനുസരിച്ച് എല്ലാ ഔദ്യോഗിക സർക്കാർ ചടങ്ങുകളും ആരംഭിക്കുന്നത് തമിഴ് ഭാഷയെ സ്തുതിച്ചുകൊണ്ടുള്ള തമിഴ് തായ് വാഴ്ത്തോടെയാണ്; ചടങ്ങുകൾ അവസാനിക്കുന്നത് ദേശീയഗാനത്തോടെയുമാണ്.
എന്നാൽ മെയ് 10-ന് നടന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഈ പരമ്പരാഗത ക്രമത്തിൽ മാറ്റം വരുത്തിയത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുള്ള പൂർണ്ണരൂപമാണ് അന്ന് ചടങ്ങിൽ ആദ്യമായി ആലപിച്ചത്. ഇതോടെ തമിഴ് ഔദ്യോഗിക ഗീതം മുൻഗണനാ ക്രമത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതിനെതിരെ ഭരണകക്ഷിയിലെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും തമിഴ് വികാരമുയർത്തി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ പഴയ കീഴ്‌വഴക്കം പാലിച്ച് തമിഴ് ഗീതം ആദ്യം തന്നെ ആലപിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates