

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പേരുമായി ചേർത്തുവെച്ച് 'വെട്രി പയണം' (വിജയ യാത്ര) എന്ന് പുനർനാമകരണം ചെയ്ത പദ്ധതിയുടെ സംസ്ഥാനതല വിപുലീകരണം ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സാധാരണ ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന സൗജന്യ യാത്രാ ആനുകൂല്യം ഇതോടെ എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ് ബസുകളിലേക്കും സർക്കാർ വ്യാപിപ്പിച്ചു.
സംസ്ഥാനത്തെ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺ പഞ്ചായത്തുകൾ, മലയോര മേഖലകൾ എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലുടനീളം സർവീസ് നടത്തുന്ന 12,692 സർക്കാർ ബസുകളിലാണ് പുതിയ ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാനാവുക. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഗുണഭോക്താക്കൾക്ക് യാതൊരുവിധ വരുമാന പരിധിയും നിശ്ചയിച്ചിട്ടില്ല. കൂടാതെ ഒരു ദിവസം നടത്താവുന്ന യാത്രകളുടെ എണ്ണത്തിലും യാതൊരു നിയന്ത്രണവുമില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
പദ്ധതി വിപുലീകരിച്ചതോടെ സംസ്ഥാനത്ത് പ്രതിദിനം 84 ലക്ഷത്തിലധികം (8.4 ദശലക്ഷം) സ്ത്രീകൾക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ദിവസേന 16 ലക്ഷത്തിലധികം ഒറ്റത്തവണ യാത്രകൾക്ക് ഇത് വഴിയൊരുക്കും. സാധാരണക്കാരായ സ്ത്രീകളുടെ യാത്രാച്ചെലവിൽ ഇത് വലിയ ഇളവ് നൽകും. സാമ്പത്തിക തടസ്സങ്ങളില്ലാതെ സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് തുല്യമായ സഞ്ചാര സ്വാതന്ത്ര്യവും അവസരങ്ങളും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates