കൊൽക്കത്ത: വിവാദ പുസ്തകമായ 'ദ്വിഖണ്ഡിത'യുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് നാടുകടത്തപ്പെട്ട പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം നഗരത്തിൽ തിരിച്ചെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അവരെ സംഘാടകരും ആരാധകരും ചേർന്ന് സ്വീകരിച്ചു. തിരിച്ചെത്താനായതിൽ വളരെ സന്തോഷമുണ്ടെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും തസ്‌ലീമ മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 1 ശനിയാഴ്ച കൊൽക്കത്തയിലെ രവീന്ദ്ര സദനിൽ നടക്കുന്ന മതമൗലികവാദ വിരുദ്ധ സാഹിത്യ പരിപാടിയിൽ തസ്‌ലീമ നസ്‌റിൻ പങ്കെടുക്കും. 2007-ന് ശേഷം കൊൽക്കത്തയിൽ അവർ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ചടങ്ങിൽ തസ്‌ലീമ സ്വന്തം കവിതകൾ ആലപിക്കും.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, പ്രശസ്ത എഴുത്തുകാരൻ ശീർഷേന്ദു മുഖോപാധ്യായ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ബംഗാൾ സർക്കാരും സംഘാടകരും നൽകിയ പിന്തുണയ്ക്കും സുരക്ഷയ്ക്കും തസ്‌ലീമ നന്ദി അറിയിച്ചു. "ഹൃദയം കൊണ്ട് ബംഗാളിനെ അതിർത്തികളോ കമ്പിവേലികളോ ആയി ഞാൻ വിഭജിച്ചിട്ടില്ല. ബംഗാളിന്റെ കിഴക്കൻ ഭാഗത്തെ വാതിലുകൾ (ബംഗ്ലാദേശ്) എനിക്ക് മുന്നിൽ കൊട്ടി അടയ്ക്കപ്പെട്ടതാണ്. അതിനാൽ ഈ പശ്ചിമ ബംഗാൾ തന്നെയാണ് എന്റെ വീട്." - തസ്‌ലീമ പറഞ്ഞു.
'ലജ്ജ' എന്ന നോവലിന്റെ പേരിൽ വധഭീഷണി ഉയർന്നതിനെ തുടർന്ന് 1994-ൽ ബംഗ്ലാദേശ് വിട്ട തസ്‌ലീമ, 2004-ലാണ് കൊൽക്കത്തയെ തന്റെ സാംസ്കാരിക കേന്ദ്രമാക്കി താമസം ആരംഭിച്ചത്. എന്നാൽ, അവരുടെ ഓർമ്മക്കുറിപ്പുകളായ 'ദ്വിഖണ്ഡിത' ചില സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് 2003-ൽ അന്നത്തെ ഇടതുമുന്നണി സർക്കാർ പുസ്തകം നിരോധിച്ചിരുന്നു.
തുടർന്ന് 2007 നവംബറിൽ കൊൽക്കത്തയിൽ വൻ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറുകയും സൈന്യത്തെ ഇറക്കേണ്ടി വരികയും ചെയ്തതോടെ അന്നത്തെ ബുദ്ധദേബ് ഭട്ടാചാര്യ സർക്കാർ തസ്‌ലീമയോട് നഗരം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. കൊൽക്കത്തയിൽ നിന്ന് പുറത്തുപോകേണ്ടി വന്ന തസ്‌ലീമ ആദ്യം ജയ്പൂരിലേക്കും പിന്നീട് ന്യൂഡൽഹിയിലേക്കുമാണ് മാറിയത്. പിന്നീട് വിദേശത്തേക്ക് പോയെങ്കിലും സാഹിത്യ പരിപാടികൾക്കായും സാംസ്കാരിക കൂട്ടായ്മകൾക്കായും കൊൽക്കത്തയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അവർ പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടിനു ശേഷമുള്ള തസ്‌ലീമ നസ്‌റിൻ്റെ മടങ്ങിവരവ് പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെക്കുന്നുണ്ട്. മുൻപ് ഭരണം നടത്തിയ ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ് സർക്കാരുകൾക്ക് മതമൗലികവാദികളുടെ സമ്മർദ്ദത്തിന് മുന്നിൽ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയാതെ പോയതിൻ്റെ ചരിത്രപരമായ തിരുത്തലാണ് തസ്‌ലീമയുടെ ഈ തിരിച്ചുവരവെന്നാണ് ബിജെപി അവകാശപ്പെടുന്നത്.എന്നാൽ, അന്ന് ക്രമസമാധാന നില തകരാതിരിക്കാനും വർഗ്ഗീയ സംഘർഷങ്ങൾ ഒഴിവാക്കാനുമാണ് 2007-ൽ തസ്‌ലീമയോട് നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടതെന്നാണ് മുൻ സർക്കാരുകളുടെ നിലപാട്.
അതേസമയം, ശനിയാഴ്ച നടക്കാനിരിക്കുന്ന സാഹിത്യ പരിപാടി രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയല്ലെന്നും, തസ്‌ലീമ നസ്‌റിൻ്റെ ജീവിതകാലം മുഴുവൻ നിലനിന്ന മതമൗലികവാദ വിരുദ്ധ പോരാട്ടങ്ങളെ ആദരിക്കാനും ആവിഷ്കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി. ഒരുകാലത്ത് സ്വന്തം വീടായി കണ്ട നഗരത്തിലേക്ക് രണ്ട് പതിറ്റാണ്ടിനു ശേഷമുള്ള തസ്‌ലീമയുടെ തിരിച്ചുവരവ്, സാഹിത്യലോകത്തെ സുപ്രധാന നാഴികക്കല്ല് എന്നതിലുപരി പശ്ചിമ ബംഗാളിൻ്റെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷത്തിൻ്റെ പ്രതീകാത്മകമായ നിമിഷം കൂടിയായി മാറുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates