ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭം 21-ാം ദിവസത്തിലേക്ക് കടന്നു. സമരം ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പ്രക്ഷോഭത്തിനിടെ മരിച്ചവരോടുള്ള ആദരസൂചകമായി 20ന് രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലിസഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു.
ജില്ലാകേന്ദ്രങ്ങളിലെ ഉപരോധത്തിന് കഴിഞ്ഞദിവസം തുടക്കമിട്ടതിനു പിന്നാലെയാണ് സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഡൽഹി-നോയ്ഡ അതിർത്തിയായ ചില്ലയിൽ ഭാഗികമായി വാഹനഗതാഗതം അനുവദിച്ചിരുന്നെങ്കിലും ബുധനാഴ്ച പൂർണമായി സ്തംഭിപ്പിക്കുമെന്ന് കർഷകർ അറിയിച്ചു. ജയ്‌പുർ ദേശീയപാതയിലെ ഷാജഹാൻപുരിലും ഡൽഹി-ആഗ്ര ദേശീയപാതയിലെ പൽവലിലും പ്രക്ഷോഭകർ പിന്മാറിയിട്ടില്ല.
സമരത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച ഡൽഹി അതിർത്തിയിലെത്തുമെന്ന് യു.പി. മുസഫർനഗറിലെ ഖാപ്പ് നേതാക്കളും വ്യക്തമാക്കി. സമരത്തിനു വരുന്ന കർഷകരെ ബലം പ്രയോഗിച്ചു തടഞ്ഞാൽ പൊലീസ് സ്റ്റേഷനുകളിൽ കന്നുകാലികളെ കെട്ടിയിടുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പുനൽകി. ഈ സ്ഥിതി തുടർന്നാൽ ഡൽഹി-മീററ്റ് ദേശീയപാത ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചു.
അതിനിടെ സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്കു തയ്യാറാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു. എന്നാൽ കാർഷികനിയമങ്ങൾ പിൻവലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന നിലപാടിലാണ് കർഷകനേതാക്കൾ. നിയമങ്ങൾ മുഴുവനായി റദ്ദാക്കലല്ല പോംവഴിയെന്നും സർക്കാർ തുറന്ന ചർച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കാർഷികവിഷയങ്ങളിൽ ചർച്ചയ്ക്കായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കില്ലെന്ന് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates