ന്യൂഡൽഹി: കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ഡൽഹിയിലെ വിവിധ മാർക്കറ്റുകളിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെപ്പറ്റി ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, സ്റ്റാൻഡിങ് കോൺസൽ അനിൽ സോണി മുഖേന കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും അറിയിച്ചു. ജൂലൈ 31ന് മുൻപ് ഉടനടി നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണ നടപടികളെപ്പറ്റി ഉത്തരവ് പുറപ്പെടുവിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. കേസുകൾ കുറഞ്ഞാലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്നു സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കൽ, വർക്ക് ഫ്രം ഹോം, ജോലിയുടെയും ബിസിനസിന്റെയും സമയം ക്രമീകരിക്കൽ, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണു കേന്ദ്രത്തിന്റെ മാർഗ നിർദേശങ്ങളിലുള്ളത്. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാകണം.
കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ തുടർച്ചയായി ശ്രദ്ധിക്കണം. ഇളവുകൾ നടപ്പിലാക്കുന്നതിൽ ഏകീകൃത സ്വഭാവം വേണം. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച് കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കത്ത് നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates