

ചെന്നൈ: ജൈവവൈവിധ്യ സംരക്ഷണത്തിലും കാലാവസ്ഥാ പ്രവര്‍ത്തനത്തിലും പ്രാദേശിക സമൂഹങ്ങളുടെ പങ്ക് വലുതെന്ന് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്ക് നാമമാത്രമല്ലെന്നും സമഗ്രമാണെന്നും സുപ്രിയ സാഹു കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക്എഡു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ 'Championing the Earth, Saving the Future' എന്ന വിഷയത്തെ ആസ്പദമാക്കി മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുടെ അധ്യക്ഷതയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
വരയാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം വിവരിച്ചാണ് ജൈവവൈവിധ്യ സംരക്ഷണത്തില്‍ പ്രാദേശിക സമൂഹങ്ങളുടെ പ്രസക്തി സുപ്രിയ സാഹു ഓര്‍മ്മിപ്പിച്ചത്. അന്ന് വരയാടുകള്‍ കഴിക്കുന്ന ചിലതരം പുല്ലുകളെക്കുറിച്ച് ഒരു ആദിവാസി സ്ത്രീ തന്നോട് പറഞ്ഞു. വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കണമെങ്കില്‍, ആ പ്രത്യേക ഇനം സസ്യങ്ങള്‍ വളര്‍ത്തേണ്ടതുണ്ടെന്ന് ആ സ്ത്രീ വിശദീകരിച്ചതായും സുപ്രിയ സാഹു പറഞ്ഞു. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സുപ്രിയ സാഹു. വരയാടുകളുടെ നിലനില്‍പ്പിന് അതേ സസ്യങ്ങള്‍ തന്നെ നിര്‍ണായകമാണെന്ന് തന്റെ ഗവേഷണ സംഘം പിന്നീട് സ്ഥിരീകരിച്ചതായും സാഹു കൂട്ടിച്ചേര്‍ത്തു.
കണ്ടല്‍ക്കാടുകള്‍ക്ക് സമീപം താമസിക്കുന്ന സമൂഹങ്ങള്‍ നിര്‍ദ്ദേശിച്ച ഫിഷ്-ബോണ്‍ കനാല്‍ മോഡല്‍ ആണ് ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സമൂഹങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാന്‍ മറ്റൊരു ഉദാഹരണമായി സുപ്രിയ സാഹു ചൂണ്ടിക്കാണിച്ചത്. ഈ പദ്ധതി ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ വിജയകരമായി ഉപയോഗിച്ച് വരികയാണ്. 'പ്രകൃതിയുടെ അത്ഭുതം' എന്ന് വിശേഷിപ്പിച്ച കണ്ടല്‍ക്കാടുകളുടെ വേരുകളിലേക്ക് ശുദ്ധജലവും ഉപ്പുവെള്ളവും ശരിയായ അനുപാതത്തില്‍ എത്താനും ഇവയുടെ വളര്‍ച്ച സാധ്യമാക്കാനും ഈ മോഡല്‍ സഹായകമായതായും അവര്‍ പറഞ്ഞു.
ജൈവവൈവിധ്യ പദ്ധതികളില്‍ യുവാക്കള്‍ക്ക് എങ്ങനെ പങ്കാളികളാകാം എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തിട്ടുള്ള നാല് പരിപാടികള്‍ സുപ്രിയ സാഹു ചൂണ്ടിക്കാണിച്ചു. സ്‌കൂളുകളിലെ ഗ്രീന്‍ ഫ്‌ലാഗ് ഫെലോഷിപ്പ്, ബയോ-ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പിച്ചാവരത്ത് കണ്ടുമുട്ടിയ സ്ത്രീയെക്കുറിച്ചുള്ള പ്രചോദനാത്മകമായ ഒരു കഥയും അവര്‍ പങ്കുവെച്ചു. പ്രകൃതിദുരന്തങ്ങളില്‍ തന്റെ ബന്ധുക്കളില്‍ പലരും ഒലിച്ചുപോയെന്നും ശേഷിക്കുന്ന കണ്ടല്‍ക്കാടുകളെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായി താന്‍ ഇപ്പോള്‍ കാണുന്നുണ്ടെന്നും ആ ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും ആ സ്ത്രീ പറഞ്ഞതായും സാഹു ഓര്‍ത്തെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates