

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പരുന്തിന്റെ ശ്രദ്ധയകറ്റാൻ ഇത്തവണ ബീഫിന് പകരം ചിക്കൻ. റിപ്പബ്ലിക് ദിനാഘോഷത്തിന് ഡൽഹിയിലെ വനംവകുപ്പ് പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു അത്ര നിസാരമല്ല. 1,275 കിലോ ചിക്കൻ, അതും ബോൺലെസ്: റിപ്പബ്ലിക് ദിനാഘോഷത്തിനു വനംവകുപ്പ് ഡൽഹിയിലെ പരുന്തുകൾക്കായി ഒരുക്കുന്ന വിരുന്നിന്റെ മെനു ആണിത്. പരുന്തുകൾ ആകാശത്തു പറന്നു ഫൈറ്റർ ജെറ്റുകൾക്കു ശല്യം ഉണ്ടാക്കാതിരിക്കാനാണ് വനംവകുപ്പ് ഇത്തരത്തിലൊരു ‘ചിക്കൻ വിരുന്ന്’ ഒരുക്കുന്നത്.
പരുന്തുകളുടെ ശ്രദ്ധയകറ്റാൻ എല്ലാ വർഷവും ഇതു പതിവാണ്. കഴിഞ്ഞ വർഷം വരെ ബീഫ് ആയിരുന്നു. ഇത്തവണ ആദ്യമായാണു ചിക്കനിലേക്കു മാറിയതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എയർ ഷോയുടെ ഭാഗമായി താഴ്ന്നു പറക്കുന്ന വിമാനങ്ങൾക്കു പരുന്തുകൾ വലിയ ഭീഷണിയാണ്. ഡൽഹിയിൽ നിലവിലെ ചിക്കന്റെ വില വച്ചു കൂട്ടിയാൽ വനം വകുപ്പ് പരുന്തുകൾക്ക് ഒരുക്കുന്ന പാർട്ടിക്ക് ഏകദേശം 4.46 ലക്ഷം രൂപ ചെലവാകും.
15 മുതൽ 26 വരെ 20 സ്ഥലങ്ങളിലായാണു പരുന്തുകൾക്കായി വനംവകുപ്പ് ‘ചിക്കൻ ഫെസ്റ്റ്’ നടത്തുന്നത്. ഇവയുടെ സാന്നിധ്യം ഏറെയുള്ള ചെങ്കോട്ട, ജുമാ മസ്ജിദ് പരിസരത്താണു കൂടുതൽ മാംസം വിതറുന്നത്. മണ്ഡി ഹൗസ്, ഡൽഹി ഗേറ്റ്, മൗലാന ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് എന്നിവിടങ്ങളും പരുന്തുകൾക്കു ചിക്കൻ നൽകും.
ചിക്കൻ എത്തിക്കുന്നതിനായി വനംവകുപ്പ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 15, 18, 19, 20, 23, 25 തീയതികളിൽ 175 കിലോ ചിക്കനും 22ന് 255 കിലോ ചിക്കനുമാണു വാങ്ങുന്നത്. ഓരോ സ്ഥലത്തും 20 കിലോ ചിക്കൻ വീതം ചെറിയ കഷ്ണങ്ങളാക്കി വിതറും. ഓരോ കഷ്ണത്തിനും 20–30ഗ്രാമിൽ കൂടുതൽ തൂക്കം പാടില്ലെന്നും ടെൻഡറിലുണ്ട്. ഒരേ സ്ഥലത്തു തുടർച്ചയായി മാംസം കിട്ടുന്നതോടെ പരുന്തുകൾ ഉൾപ്പെടെയുള്ള പക്ഷികൾ വിമാന പാതയിലേക്ക് ഉയർന്നു പറക്കില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates