

മുംബൈ: പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിപിഒ ക്യാമ്പസില്‍ അന്താരാഷ്ട്ര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തല്‍. ഫെബ്രുവരിയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ക്യാമ്പസില്‍ ശുചീകരണ തൊഴിലാളികളായി വേഷംമാറിയ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ വലയിലാക്കി. ഇതുമായി ബന്ധപ്പെട്ട് ടീം ലീഡര്‍മാരും എന്‍ജിനിയര്‍മാരും ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആരോപണ വിധേയരായ മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വ്യക്തമാക്കി.
നാല് വനിതാ പൊലീസുകാര്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി വേഷംമാറി ഓഫീസിനുള്ളില്‍ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാട്‌സ്ആപ്പ് ചാറ്റുകള്‍, ഇരകളുടെ മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ടിസിഎസ് ഓഫീസിനുള്ളില്‍ റാക്കറ്റിന് കൂടുതല്‍ വിശാലമായ ശൃംഖലയുള്ളതായി എസ്‌ഐടി സംശയിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കുറ്റാരോപിതരായ ജീവനക്കാര്‍ വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തായി എഫ്‌ഐആറില്‍ പറയുന്നു. 2022 മുതലുള്ള രണ്ടുമൂന്ന് വര്‍ഷ കാലയളവിലാണ് സംഭവങ്ങള്‍ നടന്നതെന്നും മൊഴിയില്‍ നിന്ന് വ്യക്തമായതായും എസ്‌ഐടി വ്യക്തമാക്കി.
'ഇമ്രാന്‍' എന്ന് പേരുള്ള മലേഷ്യന്‍ ബന്ധമുള്ള ഒരു മതപ്രഭാഷകന്‍ വീഡിയോ കോളുകള്‍ വഴി ജീവനക്കാരുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. വിദേശത്ത് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്താണ് ഇയാള്‍ ജീവനക്കാരെ സ്വാധീനിച്ചിരുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ള 12 ജീവനക്കാരെയാണ് റാക്കറ്റ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള ഒരു മതപരിവര്‍ത്തന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വാട്‌സ്ആപ്പ് ചാറ്റുകളും ഇരകളുടെ മൊഴികളും ഇതിന് തെളിവായി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 9 എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മൊഴി നല്‍കിയ 9 പേരില്‍ എട്ടും സ്ത്രീകളാണ്. ഇവരെ ഇരകളാക്കിയ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നല്‍കിയുള്ള ബലാത്സംഗം, മതപരിവര്‍ത്തനത്തിനായുള്ള സമ്മര്‍ദ്ദം, മതവികാരം വ്രണപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ റാക്കറ്റിന്റെ വലയിലായ മറ്റ് മൂന്ന് പേര്‍ അപമാനഭയം മൂലവും വ്യക്തിപരമായ ആശങ്കകള്‍ കാരണവും ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
പ്രതികള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സഹപ്രവര്‍ത്തകരെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇരകളെ കണ്ടെത്താനും പദ്ധതികള്‍ ഏകോപിപ്പിക്കാനുമാണ് ഈ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നത്. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ പൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫോറന്‍സിക് സംഘം. ആറ് ടീം ലീഡര്‍മാരും എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാനും ഉള്‍പ്പെടെയുള്ള പ്രതികള്‍ സഹപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ സ്വീകരിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായും മൊഴിയില്‍ പറയുന്നു. എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാന്റെ റിക്രൂട്ട്മെന്റ് രീതികളെയും സ്ഥാപനത്തിലെ അവരുടെ പങ്കിനെയും കുറിച്ച് അന്വേഷണം നടക്കുകയാണെങ്കിലും അവര്‍ ഇപ്പോഴും ഒളിവിലാണ്. കമ്പനിക്കുള്ളിലെ ആഭ്യന്തര പരിശോധനകളെക്കുറിച്ചും റിക്രൂട്ട്മെന്റ് തീരുമാനങ്ങളെക്കുറിച്ചും അധികൃതര്‍ ടിസിഎസിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'നാലോ അഞ്ചോ മുസ്ലീം ജീവനക്കാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ജോലിയും ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുകയായിരുന്നു' എന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജന്‍ പറഞ്ഞു. ഇരകളെ നിസ്‌കരിക്കാനും നോമ്പ് അനുഷ്ഠിക്കാനും ഇവര്‍ പ്രേരിപ്പിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.
അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് സൂചന. ഈ ശൃംഖല ആദ്യം കരുതിയതിനേക്കാള്‍ വലുതായിരിക്കാമെന്ന് അധികൃതര്‍ സംശയിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് ടിസിഎസ് വ്യക്തമാക്കി. അന്വേഷണ പരിധിയിലുള്ള ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും കമ്പനി സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates