'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

മരണവിവരമറിഞ്ഞ് പൂനെയിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ മല്‍ഹാര്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്
Nana Patekar
നാനാ പടേക്കര്‍
Edited By:
Updated on: 
1 min read

പനാജി: തിരശീലയില്‍ വിസ്മയം തീര്‍ത്ത മഹാനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

വീട്ടില്‍ അബോധവാസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. 45 മിനിറ്റോളം അദ്ദേഹത്തിന് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

'തുടര്‍ച്ചയായി 45 മിനിറ്റ് സിപിആര്‍ നല്‍കിയിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല,' മണിപ്പാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖര്‍ സാല്‍ക്കര്‍ എ.എന്‍.ഐയോട് പറഞ്ഞു. 'ഇതൊരു മെഡിക്കോ-ലീഗല്‍ കേസ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, പോസ്റ്റ്മോര്‍ട്ടം നടത്തും.' അദ്ദേഹം പറഞ്ഞു.

മരണവിവരമറിഞ്ഞ് പൂനെയിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ മല്‍ഹാര്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയില്‍ ജനിച്ചു. പഠനകാലത്തു തന്നെ കോളജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്. 1978-ല്‍ പുറത്തിറങ്ങിയ 'ഗമന്‍' എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കറിന്റെ അഭിനയരംഗത്തേക്കുള്ള പ്രവേശം. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'പരിന്ദ', 'ക്രാന്തിവീര്‍', 'അഗ്‌നി സാക്ഷി', 'അബ് തക് ഛപ്പന്‍', 'നടസമ്രാട്ട്', 'വെല്‍ക്കം' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനങ്ങള്‍ അദ്ദേഹത്തിന് വന്‍ ജനപ്രീതി നേടിക്കൊടുത്തു.

നാനാ പടേക്കറുടെ സവിശേഷമായ അഭിനയശൈലിയും സംഭാഷണങ്ങളും ഇന്ത്യന്‍ സിനിമയിലെ അപൂര്‍വതയാണ്.'ക്രാന്തിവീര്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് 2013-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 'പ്രഹാര്‍: ദി ഫൈനല്‍ അറ്റാക്ക്' എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം 'കാല' എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'വന്‍വാസ്', 'ഹൗസ്ഫുള്‍ 5', 'ഓ റൊമീറ്റോ' എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങള്‍.

ചലച്ചിത്രരംഗത്തിന് പുറമെ സാമൂഹിക സേവന രംഗത്തും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലും നാനാ പടേക്കര്‍ സജീവമായി ഇടപെട്ടിരുന്നു. 2015-ല്‍ മഹാരാഷ്ട്രയിലുണ്ടായ കഠിനമായ വരള്‍ച്ചയും കര്‍ഷകരുടെ ആത്മഹത്യകളും കണക്കിലെടുത്ത് അദ്ദേഹം 'നാം ഫൗണ്ടേഷന്‍' സ്ഥാപിച്ചു. തന്റെ പുരസ്‌കാരത്തുകകളും സിനിമയില്‍നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്കും അദ്ദേഹം കര്‍ഷകരെ സഹായിക്കുന്നതിന് നീക്കിവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com