'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

113 പേരുടെ പിന്തുണ സുസ്ഥിര ഭരണത്തിന് തികയില്ലെന്ന് ഗവർണർ. ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് ഡിഎംകെ. നിയമപോരാട്ടത്തിന് ടിവികെ.
Vijay Meets Governor
Vijay may take oath as Tamil Nadu CM once proves majority as Governor backs 'stable' government: Sources
Updated on
2 min read

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്‌ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്ഭവന്റെ വിശദീകരണം

ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയിൽ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗബലം ടിവികെക്ക് ഇല്ലെന്ന് ഗവർണർ വിശദീകരിച്ചു. ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ വിജയിക്ക് കോൺഗ്രസിന്റെ അഞ്ച് സീറ്റുകൾ കൂടി ചേർത്ത് 113 പേരുടെ പിന്തുണയാണുള്ളത്. എന്നാൽ 234 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ തെളിയിക്കാൻ വിജയ്ക്ക് സാധിച്ചിട്ടില്ലെന്നും അതിനാൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാനാവില്ലെന്നുമാണ് ഗവർണറുടെ നിലപാട്.

രാജ്ഭവനിൽ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിൽ, നിലവിലുള്ള 113 എം.എൽ.എമാരുടെ (ടി.വി.കെ 108, കോൺഗ്രസ് 5) പിന്തുണ മാത്രം വെച്ച് എങ്ങനെ സുസ്ഥിരമായ ഒരു സർക്കാരിനെ നയിക്കുമെന്ന് ഗവർണർ ആരാഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മറ്റേതൊക്കെ പാർട്ടികൾ പിന്തുണയ്ക്കുമെന്ന ഗവർണറുടെ ചോദ്യത്തിന്, രണ്ട് ഇടത് പാർട്ടികളിൽ നിന്നും രണ്ട് പ്രാദേശിക പാർട്ടികളിൽ നിന്നുമായി ആറ് സീറ്റുകൾ കൂടി തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷ ടിവികെ പങ്കുവെച്ചുതായാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.

ഇതിനിടെ ടിവികെയുടെ നിയമസഭകക്ഷി യോഗം ഇന്നു ചേരുന്നുണ്ട്. വിജയ്‌യെ നേതാവായി യോഗം തെരഞ്ഞെടുക്കും.

താൻ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എപ്പോഴും തയ്യാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായാണ് വിവരം. എന്നാൽ, കൃത്യമായ ഭൂരിപക്ഷം (118) രേഖാമൂലം ബോധ്യപ്പെടുത്താതെ വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ഗവർണർ തയ്യാറായിട്ടില്ല. ബുധനാഴ്ച നടന്ന ആദ്യ കൂടിക്കാഴ്ചയിലും വിജയ് സമർപ്പിച്ച കണക്കുകളിൽ ഗവർണർ തൃപ്തനായിരുന്നില്ല. ഗവർണറുടെ നടപടിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ടിവികെ. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന തത്വം ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാർട്ടിയുടെ ആലോചന.

അതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വിജയിക്ക് പിന്തുണ ഏറുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യങ്ങളില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിന് ക്ഷണിക്കുക എന്നത് ഭരണഘടനാപരമായ മര്യാദയും ജനാധിപത്യ തത്വവുമാണെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.

Vijay Meets Governor
'കഷ്ടമായിരിക്ക്, ഒന്നുമേ ഇങ്ക ഇല്ലിയേ....'; വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി, നിരാശരായി പൊട്ടിക്കരഞ്ഞ് ടിവികെ അനുയായികൾ (വീഡിയോ)

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൾ. തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസിന്റെ പിന്തുണയോടെ (5 സീറ്റുകൾ) സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 113 എം.എൽ.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളിൽ ഒന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.

Vijay Meets Governor
തമിഴ്‌നാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, വിജയ് വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരും: ശ്രീധര്‍ വെമ്പു

വിജയ് അയച്ച കത്ത് നാളെ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാവ് പി. ഷൺമുഖം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ എസ്.ആർ ബൊമ്മെ കേസ് വിധി മുൻനിർത്തി ഗവർണർ ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചാണ് വിജയിയുടെ ടിവികെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.

English Summary: Vijay meets Governor for the second time and stakes claim to form Government.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com