ചെന്നൈ: തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ഡിഎംകെ പ്രവർത്തകർ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവള്ളൂർ ജില്ലയിലെ വെങ്ങലിന് സമീപം വാണിയഛത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
വാണിയഛത്രം അണ്ണാനഗർ സ്വദേശി വി. വീരേന്ദർ (22), കരണി ഗ്രാമത്തിലെ എം. വേലൻ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാണിയഛത്രം സ്വദേശി ആൽബർട്ടിനെ (22) തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്വകാര്യ ഹാളിൽ സംഘടിപ്പിച്ച ക്ഷേമസഹായ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് മൂവരും ബാനർ കെട്ടാനായി എത്തിയതെന്ന് വെങ്ങൽ പൊലീസ് അറിയിച്ചു. വാണിയഛത്രത്തിന് സമീപം റോഡരികിൽ ബാനർ സ്ഥാപിക്കുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുത തൂണിൽ നിന്നുള്ള കമ്പി ഇവരുടെ ദേഹത്ത് തട്ടുകയും വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു.
മരിച്ച രണ്ടുപേരും ഡിഎംകെ അംഗങ്ങളും പ്രാദേശിക ഭാരവാഹികളുടെ ബന്ധുക്കളുമാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വെങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.