സിനിമാതാരങ്ങള്‍ക്ക് മാത്രമാണോ?, വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമോ?; എന്താണ് ഗോള്‍ഡന്‍ വിസ?, വിശദാംശങ്ങള്‍ 

2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കിയത്
ടൊവിനോ തോമസിന് ഗോള്‍ഡന്‍ വിസ അനുവദിച്ചപ്പോള്‍
ടൊവിനോ തോമസിന് ഗോള്‍ഡന്‍ വിസ അനുവദിച്ചപ്പോള്‍
Updated on
2 min read

ദുബൈ: മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ സിനിമാതാരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത് കേട്ടപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ ചോദിക്കാന്‍ തുടങ്ങിയതാണ് എന്താണ് ഗോള്‍ഡന്‍ വിസ? ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ചുവടെ:

2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കിയത്. ദീര്‍ഘകാല താമസ വിസയുള്ളവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. അതിലൂടെ വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരമാണ് യുഎഇ ഒരുക്കിയത്.

ഗോള്‍ഡന്‍ വിസയുടെ പ്രാധാന്യം?

ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള സമ്പദ് വ്യവസ്ഥയാണ് യുഎഇയുടേത്. അതിനാല്‍ വിദേശികളെ ആകര്‍ഷിക്കുക എന്നത് യുഎഇയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗോള്‍ഡന്‍ വിസ അനുവദിച്ചവര്‍ക്ക് സ്‌പോണ്‍സറിന്റെ ആവശ്യമില്ല.

കാലപരിധി?

അഞ്ചുവര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ പത്തു വര്‍ഷത്തേയ്‌ക്കോ ആണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വമേധയാ വിസ പുതുക്കി നല്‍കും.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

നിക്ഷേപകര്‍, സംരംഭകര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ശാസ്ത്രരംഗത്ത് ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെയാണ് യുഎഇ പ്രോത്സാഹിപ്പിക്കുന്നത്. കുറഞ്ഞത് അഞ്ചുലക്ഷം ദിര്‍ഹത്തിന്റെ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ നടത്തുന്ന സംരംഭകര്‍ക്ക് ഇതിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ രാജ്യത്തെ അംഗീകൃത ബിസിനസ് ഇന്‍ക്യൂബേറ്ററിന്റെ അനുമതിയുള്ള സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്കായി സമീപിക്കാവുന്നതാണ്. 

വ്യവസ്ഥകള്‍

ഒരു കോടി ദിര്‍ഹത്തില്‍ കുറയാത്ത പൊതുനിക്ഷേപം നടത്തുന്നവര്‍ക്ക് മാത്രമാണ് പത്തുവര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. അഞ്ചുവര്‍ഷത്തേയ്ക്കുള്ള വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 50 ലക്ഷം ദിര്‍ഹത്തിന്റെ നിക്ഷേപം നടത്തണം. വായ്പ വഴി ലഭിച്ച പണമാകരുത് നിക്ഷേപത്തിന് ഉപയോഗിച്ചത്. മൂന്ന് വര്‍ഷം വരെ നിക്ഷേപം നിലനിര്‍ത്തുകയും വേണം.


വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമോ?

മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്ലസ്ടുവിന് കുറഞ്ഞത് 95 ശതമാനം ഗ്രേഡ് നിര്‍ബന്ധമാണ്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞത് 3.75 ഗ്രേഡ് പോയിന്റ് ആവറേജ് ഉണ്ടായിരിക്കണം.

കുടുംബത്തിന് ഗോള്‍ഡന്‍ വിസയുടെ ആനുകൂല്യം ലഭിക്കുമോ?

ദീര്‍ഘകാല വിസ പരിധിയില്‍ കുടുംബങ്ങളും ഉള്‍പ്പെടും. മികച്ചനിലയില്‍ പഠിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

സിനിമാതാരങ്ങള്‍ക്ക് എന്തുകൊണ്ട് ഗോള്‍ഡന്‍ വിസ?

പ്രത്യേക കഴിവുള്ളവര്‍ എന്ന പരിധിയിലാണ് സിനിമാ താരങ്ങള്‍ ഉള്‍പ്പെടുന്നത്. സാംസ്‌കാരികരംഗത്തെ കലാകാരന്മാര്‍ക്കാണ് വിസ അനുവദിക്കുന്നത്. സാംസ്‌കാരികമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്.

എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിനെയാണ് സമീപിക്കേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com